Saturday, 17 September 2016

മഹ്ളറത്തുൽ ബദരിയ്യ സ്വലാത്ത് മജ് ലിസ് ഉദ്ഘാടനവും ദുആ സമ്മേളനവും 30 ന് .

ആറ്റാശ്ശേരി:
ആറ്റാശ്ശേരി സുന്നി സെന്ററിൽ മാസാന്തം സംഘടിപ്പിക്കാൻ തീരുമാനിച്ച മഹ്ളറത്തുൽ ബദരിയ്യ സ്വലാത്ത് മജ്‌ലിസിന്റെ ഉദ്‌ഘാടനവും
ദുആ സമ്മേളനവും
 ഈ മാസം 30 വെള്ളി വൈകുന്നേരം 7മണിക്ക്  സുന്നി സെന്ററിൽ നടക്കും പ്രമുഖ ആത്മീയ പണ്ഡിതൻ സയ്യിദ് അഷ്റഫ് തങ്ങൾ പള്ളം നേത്യത്വം നൽകും. പ്രഗത്ഭരായ പണ്ഡിതന്മാരും കേരള മുസ്ലിംജമാഅത്ത്, എസ്.വൈ. എസ്,
 എസ്.എസ്.എഫ്. നേതാക്കളും പരിപാടിയിൽ സംബന്ധിക്കും.

ജിഷ വധക്കേസ്: കുറ്റപത്രം സമര്‍പ്പിച്ചു, അമീര്‍ ഏക പ്രതി

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ വധിക്കപ്പെട്ട കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. അസം സ്വദേശി അമീറിനെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. എറണാകുളം സെഷന്‍സ് കോടതിയിലാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്.
ലൈംഗിക പീഡനത്തിനുള്ള ശ്രമം ചെറുത്തപ്പോള്‍ രോഷാകുലനായ പ്രതി ജിഷയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൊലപാതകം, മാനഭംഗം, ദലിത് പീഡന നിരോധന നിയമം തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. 
എന്നാല്‍, കൊലനടത്തുന്നതിനു തൊട്ടുമുന്‍പുവരെ അമീറിനൊപ്പം ഉണ്ടായിരുന്നെന്ന് പറയപ്പെടുന്ന സുഹൃത്ത് അനാറിനെപ്പറ്റി കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നാണ് സൂചന.
ഇയാള്‍ക്കുവേണ്ടി പൊലിസ് കേരളത്തിലും അസമിലും തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിയാതിരുന്നതാണ് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ കാരണം. കടുത്തശിക്ഷ കിട്ടാവുന്ന കേസുകളില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് നിയമം. 
എന്നാല്‍ കോടതി അവധിയായതിനാല്‍ അമീറിനെ അറസ്റ്റുചെയ്ത 93ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. പ്രതി കൊല നടത്തുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രം ഉള്‍പ്പെടെയുള്ള പ്രധാന തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന ആരോപണം നിലനില്‍ക്കെ ഡി.എന്‍.എ അടക്കമുള്ള ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
സൗമ്യകേസില്‍ സുപ്രിം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ശക്തമായ ശാസ്ത്രീയതെളിവുകളെ അടിസ്ഥാനമാക്കിയുള്ള കുറ്റപത്രം പഴുതകളടച്ചതായിരിക്കണമെന്നാണ് പൊലിസിന്റെ വിലയിരുത്തല്‍. കൊലചെയ്യപ്പെടുമ്പോള്‍ ജിഷ ധരിച്ചിരുന്ന ചുരിദാറില്‍ പുരണ്ട ഉമിനീരില്‍ നിന്ന് അമീറിന്റെ ഡി.എന്‍.എ വേര്‍തിരിച്ചെടുത്തതാണ് അന്വേഷണസംഘം ഏറ്റവും നേട്ടമായി കാണുന്നത്. ജിഷയുടെ നഖത്തില്‍ നിന്ന് അമീറിന്റെ ഡി.എന്‍.എ വേര്‍തിരിച്ചെടുത്തത്, ജിഷയുടെ വസ്ത്രത്തില്‍ നിന്നും അമീറിന്റെയും ജിഷയുടെയും ഡി.എന്‍.എ വേര്‍തിരിച്ചെടുത്തത്, ജിഷയുടെ വീട്ടില്‍ നിന്നും ലഭിച്ചത് പ്രതിയുടെ ചെരുപ്പാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ കണ്ടെത്തിയത് തുടങ്ങി ഏഴ് ശാസ്ത്രീയതെളിവുകളാണ് കുറ്റപത്രത്തില്‍ പ്രധാനമായും വിശദീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ 28 നാണ് കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ബണ്ട് പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ ജിഷ കൊല്ലപ്പെട്ടത്. ആദ്യം പെരുമ്പാവൂര്‍ കോടതിയില്‍ ആരംഭിച്ച കേസ് നടപടിക്രമങ്ങള്‍ പിന്നീട് ദലിത് പീഡന നിരോധനനിയമം ചുമത്തിയതിനത്തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

നിലവിളക്ക്: മുനീര്‍ മാപ്പു പറഞ്ഞു, വിവാദം അവസാനിപ്പിക്കണം- ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ശിവസേനയുടെ ഗണേശോത്സവം ഉല്‍ഘാടനം ചെയ്ത് കൊണ്ട് ഡോ: എം.കെ.മുനീര്‍ നിലവിളക്ക് കൊളുത്തിയ സംഭവത്തി
ല്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് രേഖാമൂലം മാപ്പ് എഴുതി നല്‍കി. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഈ സാഹചര്യത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിച്ച് പരസ്പരം സഹകരിക്കാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

സമസ്തയുടെ ശാസനകളെ അംഗീകരിക്കും: ഡോ. എം.കെ മുനീര്‍

കോഴിക്കോട്: സമസ്തയുടെ ശാസനകളെ അംഗീകരിച്ച് മുന്നോട്ട് പോവുമെന്ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയും റിയാദ് മുസ്‌ലിം ഫെഡറേഷനും ചേര്‍ന്ന് നടത്തിയ പാറന്നൂര്‍ ഉസ്താദ് പണ്ഡിത പ്രതിഭാ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ നന്മയുടെ മാര്‍ഗത്തിലേക്ക് നയിക്കുന്ന സമസ്തയോട് കടപ്പെട്ടിരിക്കുന്നു. ശാസിക്കാനും നേര്‍വഴിക്ക് നയിക്കാനും സമസ്തയ്ക്ക് എന്നും അവകാശമുണ്ട്.
സമസ്തയുടെ എല്ലാ ശാസനകളെയും ഉള്‍ക്കൊള്ളാന്‍ ഞാനടക്കമുള്ളവര്‍ തയ്യാറാണ്. പരലോകത്തെ സുഖകരമായ ജീവിതത്തിന് വേണ്ടി എന്നും സമസ്തയുടെ നേതൃത്വത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തു കൊണ്ട് മുന്നോട്ട് പോവാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Monday, 5 September 2016

രാഷ്ട്രീയ നേതാക്കളുടെ സ്വത്ത് വിവരം തേടി വിജിലന്‍സ്

കൊച്ചി: രാഷ്ട്രീയ നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ തേടി വിജിലന്‍സ്. എല്ലാ പ്രമുഖ നേതാക്കളുടെയും സ്വത്ത് വിവരങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളുടെ നല്‍കണമെന്ന് ആദായനികുതി വകുപ്പിനോട് വിജിലന്‍സ് ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാരുടെയും മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിന്റെയും നിക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ ആ വിവരവും കൈമാറണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ.ബാബുവിനെതിരായ നടപടി തുടരുന്നതിനിടെയിലാണ് അന്വേഷണം വ്യാപിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ പാര്‍ട്ടികളിലെയും നേതാക്കളുടെ സ്വത്ത് വിവരങ്ങളാണ് വിജിലന്‍സ് തേടുന്നത്.

മയക്കുമരുന്നു മാഫിയകളുടെ കരങ്ങള്‍ വിദ്യാലയങ്ങള്‍ക്കടുത്തേക്കു വരുന്നത് തടയണം: മുഖ്യമന്ത്രി

തിരുവനന്തപുരം: മയക്കുമരുന്നു മാഫിയകളുടെ കരങ്ങള്‍ നമ്മുടെ വിദ്യാലയങ്ങള്‍ക്കടുത്തേക്കു നീണ്ടുവരുന്നത് തടയാന്‍ നാം ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അധ്യാപകദിനാഘോഷവും സംസ്ഥാന അധ്യാപക അവാര്‍ഡ് വിതരണവും അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാലയത്തിന്റെ ചുറ്റുപാടിലേക്ക് വരേണ്ടാത്തവര്‍ വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. അതിനു തടയിടാന്‍ അധ്യാപകര്‍ക്കും അധ്യാപക രക്ഷാകര്‍തൃസമിതികള്‍ക്കും കഴിയണം. വിദ്യാര്‍ഥി സംഘടനകള്‍ സജീവമായിരുന്ന കാലത്ത് അവര്‍ ഇക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. മയക്കുമരുന്ന് നല്‍കി വിദ്യാര്‍ഥികളെ സ്വാധീനിക്കുകയും അടിമകളാക്കുകയും പിന്നീട് കാരിയര്‍മാരുമാക്കുന്ന അവസ്ഥയുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ കുട്ടികള്‍ പൂര്‍ണമായി നശിച്ചുപോകുമെന്ന ആപത്ത് നാം തിരിച്ചറിഞ്ഞ് ജാഗ്രത പാലിക്കാനാകണം.
സര്‍ക്കാരിന്റെ ശ്രദ്ധയ്ക്കപ്പുറം അധ്യാപകരും രക്ഷകര്‍ത്താക്കളും ശ്രദ്ധ പുലര്‍ത്തണം. കുട്ടികളുടെ കണ്ണ് കലങ്ങിയാല്‍ അതെന്തുകൊണ്ടെന്ന് അന്വേഷിക്കാനുള്ള ശ്രദ്ധ അധ്യാപകര്‍ക്കുണ്ടാകണം. അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ ആത്മബന്ധം കുറയാതെ ശ്രദ്ധിക്കണം. അതില്‍ കുറവ് വന്നാല്‍ ഭാവി തലമുറയെ ബാധിക്കും.
പഴയകാലത്ത് കുട്ടികളെക്കുറിച്ചും വീട്ടിലെ സാഹചര്യത്തെക്കുറിച്ചും അധ്യാപകര്‍ വിശദമായി മനസിലാക്കി അതിന്റെ അടിസ്ഥാനത്തിലുള്ള ഇടപെടലും ഉണ്ടാകാറുണ്ടായിരുന്നു. പൊതുവിദ്യാലയങ്ങളില്‍ വ്യത്യസ്ത തലത്തിലും സാഹചര്യത്തിലും നിന്നുള്ള കുട്ടികളുണ്ട്. വീട്ടിലെ പ്രത്യേക സാഹചര്യങ്ങള്‍ കാരണം ശരാശരിയില്‍ താഴെ പോകുന്ന കുട്ടികളുണ്ടാകാം. അത്തരത്തിലുള്ള കുട്ടികളില്‍ പ്രത്യേകശ്രദ്ധയും പിന്തുണയും അധ്യാപകര്‍ നല്‍കണം.
കൂട്ടായ മനസ്സോടെ സ്‌കൂളുകളുടെ അഭിവൃദ്ധിക്ക് അധ്യാപകര്‍ ശ്രമിക്കണം. സമൂഹത്തിനുവേണ്ടി അര്‍പ്പിതമായിരുന്നു പണ്ട് ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത് അധ്യാപകരുടെ ജീവിതം. ഭാവിതലമുറയെ വാര്‍ത്തെടുക്കല്‍ മാത്രമല്ല, ഇന്നുള്ള തലമുറയെ സേവിക്കുന്ന പ്രവര്‍ത്തനവും അധ്യാപകര്‍ നടത്തിയിരുന്നു. നാട്ടിലുള്ള എല്ലാ നല്ല പ്രവൃത്തികള്‍ക്കുമൊപ്പം അധ്യാപകര്‍ ഉണ്ടായിരുന്നു. ഡിജിറ്റല്‍ ക്ലാസുകളിലേക്കുള്ള മാറ്റത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട്.
വളരെ വേഗത്തില്‍തന്നെ പൊതുവിദ്യാലയങ്ങള്‍ ഹൈടെക്കാക്കും. പന്ത്രണ്ടാം ക്ലാസ് വരെ ഈരീതിയില്‍ മാറ്റാന്‍ സമയബന്ധിതമായ പരിപാടിയാണ് ആവിഷ്‌കരിക്കുന്നത്. എന്നാല്‍, മാതൃഭാഷ എഴുതിത്തന്നെ പഠിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മറ്റു ഭാഷകള്‍ പഠിക്കുമ്പോള്‍ ഓഡിയോവിഷ്വല്‍ സങ്കേതങ്ങളുടെ സഹായം കൂടി ഉപയോഗപ്പെടുത്തുന്നത് ഉച്ചാരണവും മറ്റും മെച്ചപ്പെടുത്താന്‍ സഹായിക്കും.
പൊതുവിദ്യാലയങ്ങളെ മെച്ചപ്പെടുത്തുന്ന നടപടികളില്‍ സര്‍ക്കാരിനൊപ്പം പൂര്‍വവിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും വലിയ പങ്ക് വഹിക്കാനാകും. പി.ടി.എകളും തദ്ദേശസ്ഥാപനങ്ങളും എം.എല്‍.എയും എം.പിയും മറ്റു സഹായസന്നദ്ധരും പിന്തുണച്ചാല്‍ സര്‍ക്കാരിന്റെ വിഭവശേഷിക്കൊപ്പം നല്ല നിലയ്ക്ക് സ്‌കൂളുകളെ മെച്ചപ്പെടുത്താനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന അധ്യാപക അവാര്‍ഡുകളും വിദ്യാരംഗം കലാസാഹിത്യ പുരസ്‌കാരങ്ങളും പി.ടി.എകള്‍ക്കുള്ള അവാര്‍ഡുകളും മുഖ്യമന്ത്രി സമ്മാനിച്ചു.
വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കേരളം ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം അറിയിച്ചു. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് എങ്ങനെ തങ്ങളുടെ വിഷയം കാര്യക്ഷമമായി പഠിപ്പിക്കാനാകുമെന്ന് അധ്യാപകര്‍ക്ക് സമഗ്ര പരിശീലനം നല്‍കും. സമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത് അധ്യാപകര്‍ ഉയരണമെന്ന് അദ്ദേഹം പറഞ്ഞു. ജീവിതശൈലി എന്ന വിഷയത്തിലൂന്നി ഇനി ഒരു വര്‍ഷം അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. എ. സമ്പത്ത് എം.പി, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, പൊതുവിദ്യാഭ്യാസസെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ സ്‌പെഷ്യല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ട്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എം.എസ്. ജയ, അസാപ് ഡയറക്ടര്‍ ഡോ. എം.ടി. രെജു, ആര്‍.എം.എസ്.എ ഡയറക്ടര്‍ ആര്‍. രാഹുല്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കെ.പി. നൗഫല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ സ്‌കൂള്‍ അധ്യാപകന്‍ ദാരുണമായി മരണപ്പെട്ടു.


സീതാംഗോളി:
പുത്തിഗെ മുഹിമ്മാത്ത് സ്‌കൂള്‍ അധ്യപകന്‍ കുണ്ടാറിലെ ഉബൈദ് (30) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ മുഖാരിക്കണ്ടതാണ് അപകടം. എതിരെ വരികയായിരുന്ന ടിപ്പര്‍ ലോറി ബൈക്കിലിടിക്കുകയായിരുന്ന. അധ്യാപകന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. കുണ്ടാര്‍ ഉയിത്തടുക്കയിലെ മുഹമ്മദ് മുസ്ലിയാര്‍-ആമിന ദമ്പതികളുടെ മകനാണ്. സുള്ള്യയിലെ ഫസീലയാണ് ഭാര്യ. ഏക സഹോദരി: സല്‍മ.