Sunday, 4 September 2016

പൊസോട്ട് തങ്ങള്‍ ഒന്നാം ഉറൂസ് 14 മുതല്‍; ഒരുക്കം തുടങ്ങി

മഞ്ചേശ്വരം : മൂന്ന് പതിറ്റാണ്ട് കാലം കാസര്‍കോടിന് ആത്മീയ വെളിച്ചം പകര്‍ന്ന് കഴിഞ്ഞ വര്‍ഷം അയ്യാമുത്തശ്‌രീഖില്‍ വിടപറഞ്ഞ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് തങ്ങളുടെ ഒന്നാമത് ഉറൂസ് മുബാറകിന് മഞ്ചേശ്വരം മള്ഹറില്‍ സജ്ജീകരണം പൂര്‍ത്തിയാകുന്നു.

ഈ മാസം 14 മുതല്‍ 22 വരെ നടക്കുന്ന ആത്മീയ വിരുന്നിന് പങ്കാളികളാകാന്‍ നാടൊട്ടും വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഒമ്പത് ദിനങ്ങളിലായി പ്രൗഡവും വിജ്ഞാന പ്രദവുമായ ആത്മീയ പരിപാടികളാണ് ഉറൂസ് ഭാഗമായി ഒരുക്കിയിരിക്കുന്നത്. 

14ന് ബുധനാഴ്ച നാലിന് പതാക ഉയര്‍ത്തി ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ് ആരംഭിക്കും. മൗലിദ് പാരായണവും അന്ന് നടക്കും. 
15ന് രാവിലെ നടക്കുന്ന അല്‍ഫിയ്യ മുസാബഖ വിജ്ഞാന കൗതുകം പകരും. രാത്രി ബുര്‍ദ്ദ മജ്‌ലിസ് നടക്കും. 16ന് ഉച്ചക്ക് അനുസ്മരണ സംഗമവും രാത്രി ശാദുലി ഹല്‍ഖയും നടക്കും. 
17ന് ഉച്ചക്ക് പാരന്റ്‌സ് ചാറ്റ്, വൈകിട്ട് സ്‌നേഹ സംഗമം, ബാഅലവി പരമ്പരയില്‍ ആത്മീയ മജ്‌ലിസും നടക്കും. 

18ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മെഡിക്കല്‍ ക്യാമ്പ് ആയിരങ്ങള്‍ക്ക് ആശ്വാസമാകും. ഉച്ചക്ക് മുതഅല്ലിം ജല്‍സയും രാത്രി ജലാലിയ്യ റാത്തീബും നടക്കും.
19ന് ഉച്ചക്ക് ഹനഫീ ഇജ്തിമാഉം രാത്രി അഹ്‌ലുബൈത്തിനെ കുറിച്ച് പ്രത്യേക പഠന സംഗമവും നടക്കും. 
20ന് നടക്കുന്ന മുസ്‌ലിം ജമാഅത്ത് കോണ്‍ഫ്രന്‍സ് വിവിധ മഹല്ലുകളുടെയും പ്രസ്ഥാന നേതൃത്വത്തിന്റെയും സംഗമമായി മാറും. രാത്രി മുത്ത്‌നബി സമ്മേളനം പ്രവാചക സ്‌നേഹത്തിന്റെ വിളംബരമാകും. 

21ന് രാവിലെ വനിതാ പഠന വേദിയും ഉച്ചക്ക് സ്റ്റൂഡെന്റ്‌സ് കോണ്‍ക്ലേവും രാത്രി ആദര്‍ശ സമ്മേളനവും നടക്കും. 
22ന് സമാപന ദിനം രാവിലെ 7 മണിക്ക് പൊസോട്ട് തങ്ങളെ കുറിച്ചുള്ള മൗലിദ് പാരായണത്തോടെ ആരംഭിക്കും.   രാവിലെ 10ന് നടക്കുന്ന പണ്ഡിതര്‍ക്കായുള്ള ദര്‍സിന് സമസ് പ്രസിഡന്റ് റഈസുല്‍ ഉലമ നേതൃത്വം നല്‍കും. ഉച്ചക്ക്  ആലുംനി മീറ്റും. എക്‌സലന്‍സി മീറ്റും നടക്കും. വൈകിട്ട് നാലിന് ഖത്മുല്‍ ഖുര്‍ആന്‍ ദുആ മജ്‌ലിസില്‍ പതിനായിരങ്ങള്‍ സംബന്ധിക്കും. 

വൈകിട്ട് 5 മുതല്‍ ഉറൂസ് സമാപന സമ്മേളനവും സ്വലാത്ത് മജ്‌ലിസും നടക്കും. ശൈഖുനാ കാന്തപുരം ഉസ്താദും  ഖലീല്‍ തങ്ങളും നേതൃത്വം നല്‍കുന്ന സമാപന സംഗമത്തില്‍ സമസ്തയുടെ സമുന്നത സാര ഥികളും പ്രാസ്ഥാനിക നേതൃത്വവും അണിനിരക്കും. ജനലക്ഷങ്ങള്‍ എത്തിച്ചേരുന്ന ഉറൂസ് പരിപാടിക്ക് കുറ്റമറ്റ സംവിധാനമൊരുക്കാന്‍ സ്വാഗസംഘവും മള്ഹര്‍ നേതൃത്വവും തയ്യാറെടുപ്പിലാണ്.


No comments:

Post a Comment