Sunday, 4 September 2016

ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് പരിശീലനം തുടര്‍ന്നാല്‍ സി.പി.എം തടയും; കോടിയേരി

പത്തനംതിട്ട: ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് നടത്തുന്ന ആയുധ പരിശീലനം അവസാനിപ്പിച്ചില്ലെങ്കില്‍ സി.പി.എം രംഗത്തിറങ്ങുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ക്ഷേത്രങ്ങള്‍ വിശ്വാസികളുടേതാണെന്നും ആര്‍.എസ്.എസിന്റേതല്ലെന്നും നിര്‍ത്തിയില്ലെങ്കില്‍ റെഡ് വളണ്ടിയര്‍മാര്‍ തടയുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി വിട്ടുവന്നര്‍ക്കുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നിറവേറ്റുന്ന സര്‍ക്കാരാണ് എല്‍.ഡി.എഫിന്റേതെന്ന് അദ്ദേഹം യോഗത്തില്‍ പറഞ്ഞു. ആറന്മുള വിമാനത്താവള പദ്ധതിക്കുള്ള മുന്‍ സര്‍ക്കാരിന്റെ അനുമതി റദ്ദാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലൂടെ നിറവേറ്റി. വ്യവസായ മേഖല പ്രഖ്യാപനവും എടുത്തുകളയുമെന്ന തീരുമാനമാണ് സര്‍ക്കാരിന്റേത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആറന്മുള പദ്ധതി ഉപേക്ഷിക്കുമെന്ന വാഗ്ദാനത്തിലുടെ പത്തനംതിട്ടയില്‍ വോട്ടുതേടിയ ബി.ജെ.പി അധികാരത്തില്‍ എത്തിയപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ വിമാനത്താവള പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ക്ഷേമപെന്‍ഷന്‍ 600 രൂപയില്‍ നിന്നും ആയിരം രൂപയാക്കി വര്‍ധിപ്പിച്ചതും ഇടതു സര്‍ക്കാരാണ്.
സമൂഹത്തില്‍ അവശത അനുഭവിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഓണക്കിറ്റ് വിതരണത്തിനായി 13 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഒണക്കിറ്റിനോടൊപ്പം ഓണപ്പുടവയും വിതരണം ചെയ്യും. ഈമാസം ഒമ്പത്, പത്ത്, 11 തീയതികളിലായി ഇത് വിതരണം ചെയ്യും. മാലിന്യമുക്ത കേരളത്തിനായി എല്ലാ വീടുകളില്‍ ശുചിമുറികള്‍ നിര്‍മ്മിക്കാനായി 2,60,000 രൂപയാണ് ഗവണ്‍മെന്റ് അനുവദിച്ചിരിക്കുന്നത്. ഈ പരിപാടിയുടെ ഉദ്ഘാടനം നവംബര്‍ ഒന്നിന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും. ഭൂമിയും വീടുമില്ലാത്തവര്‍ക്ക് ഇവ രണ്ടും നല്‍കുന്നതിന് സര്‍ക്കാര്‍ പ്രമുഖ പരിഗണന നല്‍കുമെന്നും കോടിയേരി പറഞ്ഞു.

No comments:

Post a Comment