Saturday, 17 September 2016

ജിഷ വധക്കേസ്: കുറ്റപത്രം സമര്‍പ്പിച്ചു, അമീര്‍ ഏക പ്രതി

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ വധിക്കപ്പെട്ട കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. അസം സ്വദേശി അമീറിനെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. എറണാകുളം സെഷന്‍സ് കോടതിയിലാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്.
ലൈംഗിക പീഡനത്തിനുള്ള ശ്രമം ചെറുത്തപ്പോള്‍ രോഷാകുലനായ പ്രതി ജിഷയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൊലപാതകം, മാനഭംഗം, ദലിത് പീഡന നിരോധന നിയമം തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. 
എന്നാല്‍, കൊലനടത്തുന്നതിനു തൊട്ടുമുന്‍പുവരെ അമീറിനൊപ്പം ഉണ്ടായിരുന്നെന്ന് പറയപ്പെടുന്ന സുഹൃത്ത് അനാറിനെപ്പറ്റി കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നാണ് സൂചന.
ഇയാള്‍ക്കുവേണ്ടി പൊലിസ് കേരളത്തിലും അസമിലും തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിയാതിരുന്നതാണ് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ കാരണം. കടുത്തശിക്ഷ കിട്ടാവുന്ന കേസുകളില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് നിയമം. 
എന്നാല്‍ കോടതി അവധിയായതിനാല്‍ അമീറിനെ അറസ്റ്റുചെയ്ത 93ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. പ്രതി കൊല നടത്തുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രം ഉള്‍പ്പെടെയുള്ള പ്രധാന തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന ആരോപണം നിലനില്‍ക്കെ ഡി.എന്‍.എ അടക്കമുള്ള ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
സൗമ്യകേസില്‍ സുപ്രിം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ശക്തമായ ശാസ്ത്രീയതെളിവുകളെ അടിസ്ഥാനമാക്കിയുള്ള കുറ്റപത്രം പഴുതകളടച്ചതായിരിക്കണമെന്നാണ് പൊലിസിന്റെ വിലയിരുത്തല്‍. കൊലചെയ്യപ്പെടുമ്പോള്‍ ജിഷ ധരിച്ചിരുന്ന ചുരിദാറില്‍ പുരണ്ട ഉമിനീരില്‍ നിന്ന് അമീറിന്റെ ഡി.എന്‍.എ വേര്‍തിരിച്ചെടുത്തതാണ് അന്വേഷണസംഘം ഏറ്റവും നേട്ടമായി കാണുന്നത്. ജിഷയുടെ നഖത്തില്‍ നിന്ന് അമീറിന്റെ ഡി.എന്‍.എ വേര്‍തിരിച്ചെടുത്തത്, ജിഷയുടെ വസ്ത്രത്തില്‍ നിന്നും അമീറിന്റെയും ജിഷയുടെയും ഡി.എന്‍.എ വേര്‍തിരിച്ചെടുത്തത്, ജിഷയുടെ വീട്ടില്‍ നിന്നും ലഭിച്ചത് പ്രതിയുടെ ചെരുപ്പാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ കണ്ടെത്തിയത് തുടങ്ങി ഏഴ് ശാസ്ത്രീയതെളിവുകളാണ് കുറ്റപത്രത്തില്‍ പ്രധാനമായും വിശദീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ 28 നാണ് കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ബണ്ട് പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ ജിഷ കൊല്ലപ്പെട്ടത്. ആദ്യം പെരുമ്പാവൂര്‍ കോടതിയില്‍ ആരംഭിച്ച കേസ് നടപടിക്രമങ്ങള്‍ പിന്നീട് ദലിത് പീഡന നിരോധനനിയമം ചുമത്തിയതിനത്തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

No comments:

Post a Comment