Tuesday, 30 August 2016

സി.പി.എമ്മും സി.പി.ഐയും പ്രവര്‍ത്തിക്കുന്നത് ഐക്യത്തോടെയെന്ന് കോടിയേരി

തിരുവനന്തപുരം: ഐക്യത്തോടെയാണ് സി.പി.എമ്മും സി.പി.ഐയും പ്രവര്‍ത്തിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ഐക്യത്തോടെയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഐക്യത്തിന്റെ ഫലമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയമുണ്ടായത്. കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഈ സമയത്ത് ഭിന്നത മൂര്‍ച്ഛിക്കുന്നുവെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു. സിപിഐയും ഇടതു നേതാവും എംഎല്‍എയുമായ എം. സ്വരാജും തമ്മിലുള്ള തര്‍ക്കം മുറുകിയതിന് പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
സിപിഐ എമ്മും സിപിഐയും നല്ല ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഐക്യത്തിന്റെ ഫലമാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ ഉജ്വല വിജയം. കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ആ സമയത്ത് സിപിഐ എമ്മും സിപിഐയുമായി ഭിന്നത മുര്‍ഛിക്കുകയാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് എന്തിനാണെന്നത് മനസിലാക്കാന്‍ ആര്‍ക്കും സാധിക്കും. ആ ശ്രമം വിലപ്പോവില്ല.
ഇരു പാര്‍ടികള്‍ക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള സാഹചര്യം നിലവിലുണ്ട്. അത് പരസ്യമായി പറയേണ്ടതില്ല. അവസരവാദപരമായ നിലപാട് ഇടതുപക്ഷത്തിന്റെ വളര്‍ച്ചക്ക് ഗുണകരമല്ലെന്ന് 1964 കമ്യൂണിസ്റ്റ് പാര്‍ടിയുടെ പിളര്‍പ്പിനുശേഷം ഉണ്ടായ അനുഭവത്തിലൂടെ ബോധ്യമായതാണ്. അടിയന്തിരാവസ്ഥയെ പിന്തുണച്ച നിലപാട് ശരിയായില്ലെന്ന് തിരിച്ചറിഞ്ഞാണ് വിശാലയമായ ഇടതുപക്ഷ ഐക്യത്തിന് സിപിഐ തയ്യാറായത്. കൂടുതല്‍ ഐക്യത്തോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
അഖിലേന്ത്യാതലത്തിലോ, സംസ്ഥാന തലത്തിലോ രണ്ട് പാര്‍ടികളും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. പ്രാദേശികമായി ഉണ്ടാകുന്ന ചില സംഭവങ്ങളുടെ പേരില്‍ രണ്ട് പാര്‍ടികളും ഭിന്നതയിലാണെന്ന് വരുത്തി തീര്‍ക്കാനാണ്‌നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ശ്രമം. എന്നാല്‍, അതിന് നിന്നുതരാന്‍ സിപിഐ എം തയ്യാറല്ല. ഞങ്ങള്‍ കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കും.

തെങ്ങ് കടപുഴകി വീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു

കോഴിക്കോട്: കാരശ്ശേരിയില്‍ തെങ്ങ് കടപുഴകി വീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു. കൊടിയത്തൂര്‍ ചെറുവാടിയില്‍ പഴംപറമ്പ് ഇബ്രാഹിമിന്റെ മകന്‍ നാസര്‍ (42) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ കാരശേരി കക്കാട് ഗോശാലക്കലാണ് സംഭവം. ഗോശാലക്കല്‍ കുറ്റി പുറത്ത് അബ്ദുല്‍ ഹമീദിന്റെ വീട്ടില്‍ മതില്‍ കെട്ടുന്നതിനിടെ സമീപത്തെ പറമ്പിലെ തെങ്ങ് കടപുഴകി ദേഹത്ത് വീഴുകയായിരുന്നു. നാസര്‍ തല്‍ക്ഷണം മരിച്ചു.

Monday, 29 August 2016

വിഴിഞ്ഞം തുറമുഖത്തിന് പരിസ്ഥിതി അനുമതി: ഹരജി ഗ്രീന്‍ ട്രിബ്യൂണല്‍ ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖത്തിന് പരിസ്ഥിതി അനുമതി നല്‍കിയത് ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജി ദേശീയ ഹരിത ട്രിബ്യൂണല്‍ ഇന്ന് പരിഗണിക്കും. ഹരജിയിലെ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത് എന്നാണ് ഹരജിയിലേ വാദം. എന്നാല്‍, അന്തിമവിധി ഇന്ന് ഉണ്ടായേക്കില്ല. ജസ്റ്റിസ് സ്വതന്ത്ര കുമാര്‍ അധ്യക്ഷനായ അഞ്ചംഗ ബഞ്ചിലെ ഒരംഗം വിരമിച്ച സാഹചര്യത്തില്‍ വാദം വീണ്ടും കേള്‍ക്കണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും.
ഹരജിയില്‍ ആറാഴ്ചയക്കകം തീരുമാനമെടുക്കണമെന്ന് മാര്‍ച്ചില്‍ സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, വാദം നീണ്ടു പോയതും വേനലവധി വന്നതും വിധി നീളാന്‍ കാരണമായി.

കറുകുറ്റി അപകടം: ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് റെയില്‍വേ

പാലക്കാട്: കറുകുറ്റി അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് റെയില്‍വേ. പെര്‍മെനന്റ് വേ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. 
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റൂട്ടിലെ പാളത്തിലെ വിള്ളലാണ് അപകടത്തിന് കാരണമെന്ന് നേരത്തെ റെയില്‍വേ പറഞ്ഞിരുന്നു. എന്നാല്‍, ഈ വിള്ളലില്‍ കൃത്യമായ അറ്റകുറ്റപ്പണി നടക്കാത്തതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് റെയില്‍വേയുടെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിനാലാണ് പെര്‍മെനന്റ് വേ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍.
കറുകുറ്റി പാളത്തിലുണ്ടായ വിള്ളല്‍ വെല്‍ഡ് ചെയ്ത് അടക്കേണ്ടതിനു പകരം സ്‌ക്രൂ ചെയ്യുകയാണ് ചെയ്തത്. എന്നാല്‍, ചെറിയ വിള്ളലുകള്‍ക്ക് മാത്രമാണ് സാധാരണഗതിയില്‍ സ്‌ക്രൂ ചെയ്യുക. വലിയ വിള്ളലുകളുണ്ടായിരുന്ന ഇവിടെ സ്‌ക്രൂ ചെയ്യുകയാണ് ചെയ്തത്. ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴചയാണിത്. കൂടാതെ പാതയിലെ കോണ്‍ക്രീറ്റ് സ്ലീപ്പറുകള്‍ക്ക് വര്‍ഷങ്ങളുടെ കാലപ്പഴക്കമുണ്ട്. ഇത് മാറ്റുന്നതിലും ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതായി റെയില്‍വേയുടെ പ്രാഥമിക ആന്വേഷണത്തില്‍ കണ്ടെത്തി.
കറുകുറ്റിയില്‍ ട്രെയിന്‍ പാളം തെറ്റിയതില്‍ അട്ടിമറി സാധ്യത റെയില്‍വേ തള്ളിയിരുന്നു.

കൊല്ലത്ത് ആശുപത്രിയില്‍ നിന്നും ഇറങ്ങിയോടിയ യുവാവ് ലോറിയിടിച്ചു മരിച്ചു

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്നും ഇറങ്ങിയോടിയ ഡോക്ടര്‍ ദമ്പതികളുടെ മകന്‍ ലോറിയിടിച്ചു മരിച്ചു. കുണ്ടറ അമ്പിപൊയ്ക മറുതായത്ത് വീട്ടില്‍ ഡോ. എബ്രഹാം സ്‌കറിയ, ഡോ.ഷേര്‍ളി എബ്രഹാം ദമ്പതികളുടെ മകന്‍ അശ്വിന്‍ എബ്രഹാമാ(24)ണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. ആശുപത്രിക്ക് സമീപത്തെ ദേശീയപാതയിലേക്ക് ഓടിക്കയറുമ്പോഴായിരുന്നു ലോറിയുടെ അടിയില്‍പ്പെട്ടത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പൊലിസ് പറഞ്ഞു.
സഹോദരന്‍ അജയ് ആദ്യം ഇറങ്ങി ഓടിയപ്പോള്‍ അശ്വിന്റെ കൈകാലുകള്‍ കെട്ടിയിരുന്നു. പിന്നീട് കെട്ടഴിച്ചപ്പോള്‍ വീണ്ടും ഇറങ്ങി ഓടിയപ്പോഴായിരുന്നു അപകടം. ലോറി ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുത്തു.

Saturday, 27 August 2016

ഹാമിദ്‌ അന്‍സാരി നാളെ കൊല്ലത്ത്

കൊല്ലം: എസ്.എന്‍ കോളജ് വളപ്പില്‍ സ്ഥാപിച്ച പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എസ്.എന്‍ കോളജ് മുന്‍ പ്രിന്‍സിപ്പലുമായിരുന്ന ഡോ.എം ശ്രീനിവാസന്റെ പ്രതിമ നാളെ വൈകിട്ട് നാലിന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി അനാച്ഛാദനം ചെയ്യും. എസ്.എന്‍ കോളജില്‍ പ്രത്യേകം സജ്ജീകരിച്ച ഓഡിറ്റോറിയത്തില്‍ വൈകിട്ട് നാലിനു നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം അധ്യക്ഷനാകുമെന്ന് പ്രതിമാ സ്ഥാപന കമ്മിറ്റി ചെയര്‍മാന്‍ എം.എ ബേബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി കെ. രാജു മുഖ്യപ്രഭാഷണം നടത്തും. എസ്.എന്‍ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ട്രസ്റ്റിന്റെ ഉപഹാരവും എസ്.എന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.ബി മനോജ് കോളജിന്റെ ഉപഹാരവും ഉപരാഷ്ട്രപതിക്ക് നല്‍കും. മേയര്‍ അഡ്വ.വി. രാജേന്ദ്രബാബു, ലോക്‌സഭാംഗങ്ങളായ എന്‍.കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, രാജ്യസഭാംഗം കെ. സോമപ്രസാദ്, എം.എല്‍.എമാരായ എം. നൗഷാദ്, എം. മുകേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. എം.എ ബേബി സ്വാഗതവും പ്രതിമാ സ്ഥാപന കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ.എല്‍. വിനയകുമാര്‍ നന്ദിയും പറയും. 
അനാച്ഛാദന ചടങ്ങിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ.കെ ബേബിസണ്‍, പ്രതിമാ സ്ഥാപന കമ്മിറ്റി കണ്‍വീനര്‍ അഡ്വ. വെട്ടൂര്‍ ആര്‍. ജയപ്രകാശ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

നിലവിലുള്ള മദ്യനയം പ്രായോഗികമെന്ന് ഋഷിരാജ്‌സിങ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ള മദ്യനയം പ്രായോഗികമാണെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. ഒരു സ്വകാര്യ വെബ്‌സൈറ്റിന്റെ ലഹരിവിരുദ്ധ കാംപയിനിലാണ് ഋഷിരാജ് സിങ് തന്റെ നയം വ്യക്തമാക്കിയത്. ബാറുകളില്‍ നിന്ന് മദ്യം ലഭിക്കുന്നതിനേക്കാള്‍ നല്ലതാണ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്നുമാത്രം ലഭിക്കുന്ന അവസ്ഥ. സര്‍ക്കാരിന്റെ മദ്യനയം നടപ്പാക്കുക മാത്രമാണ് ഉദ്യോഗസ്ഥരുടെ കടമയെന്നും അദ്ദേഹം പറഞ്ഞു.
സിനിമ കണ്ടതു കൊണ്ടുമാത്രം കുട്ടികള്‍ മയക്കുമരുന്നിന് അടിമപ്പെട്ട് വഴിതെറ്റില്ലെന്നും പുസ്തകം വായിച്ചും മറ്റുള്ളവര്‍ ഉപയോഗിക്കുന്നതുകണ്ടും വഴിതെറ്റാമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച നിരവധി നിയമങ്ങള്‍ രാജ്യത്തുണ്ട്. ഇന്റര്‍നെറ്റിലൂടെയും മറ്റും സ്ത്രീകള്‍ ഇതേക്കുറിച്ച് ബോധവതികളാകണമെന്നും ഋഷിരാജ്‌സിങ് പറഞ്ഞു. ഡല്‍ഹിയിലെ നിര്‍ഭയ കേസിനുശേഷം നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. എന്തു തരത്തിലുള്ള ശല്യമുണ്ടായാലും സ്ത്രീകള്‍ക്ക് പൊലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

ഓണപ്പരീക്ഷ നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം പാദവാര്‍ഷിക പരീക്ഷകള്‍ തിങ്കളാഴ്ച ആരംഭിക്കും. പരീക്ഷയുടെ ഒരുക്കങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പൂര്‍ത്തിയാക്കി. ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ ചോദ്യപേപ്പര്‍ എസ്.എസ്.എയും ഒന്‍പത്, 10 ക്ലാസുകളിലെ ചോദ്യപേപ്പര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിയന്ത്രണത്തില്‍ തയാറാക്കി നേരിട്ടും സ്‌കൂളുകളില്‍ എത്തിച്ചു.
പ്ലസ്ടു രണ്ടാംവര്‍ഷ പരീക്ഷകള്‍ക്കുള്ള ചോദ്യം അതാത് സ്‌കൂളുകളാണ് തയാറാക്കിയിട്ടുള്ളത്. ദേശീയ പണിമുടക്ക് കാരണം സെപ്റ്റംബര്‍ രണ്ടിലെ പരീക്ഷ എട്ടിന് നടത്താനും തീരുമാനമായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിങ്കളാഴ്ചയും പ്രൈമറിയില്‍ ചൊവ്വാഴ്ചയും പരീക്ഷ ആരംഭിക്കും. അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിന് സ്‌കൂളുകള്‍ പ്രവൃത്തിദിനമാണെങ്കിലും പരീക്ഷ ഇല്ല. മുസ്‌ലിം കലണ്ടര്‍ പ്രകാരമുള്ള സ്‌കൂളുകളില്‍ ആദ്യ പാദവാര്‍ഷിക പരീക്ഷകള്‍ ഒക്ടോബര്‍ 15 മുതല്‍ 22 വരെയാണ്.

തെരുവ് നായകളെ കൊല്ലാന്‍ തീരുമാനിച്ചിട്ടില്ല; മലക്കം മറിഞ്ഞ് പിണറായി വിജയന്‍

തിരുവനന്തപുരം: തെരുവ് നായ്ക്കളെ ഒന്നൊടങ്കം കൊല്ലാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരുവ് നായ്കളെ കൊല്ലുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെയും ഉന്നത തല യോഗത്തിന്റെയും തീരുമാനത്തിന് വിരുദ്ധമായാണ് മുഖ്യമന്ത്രിയുടെ നിലപാട്. തെരുവ് നായകളെ കൊല്ലാനുള്ള തീരുമാനത്തിനെതിരെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ രംഗത്ത് വന്നതോടെയാണ് മുഖ്യമന്ത്രി മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞത്. തിരുവനന്തപുരത്ത് വൃദ്ധയെ തെരുവ് നായകള്‍ ജീവനോടെ കടിച്ച് കൊന്നതോടെയാണ് തെരുവ് നായശല്യത്തിനെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യമുയര്‍ന്നത്. പിഞ്ചുകുട്ടികളടക്കം നിരവധിപേരാണ് ദിവസേന തെരുവ് നായ്ക്കളുടെ ആക്രമണത്തിനരയായത്.

അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരത ; 15 കാരി ആശുപത്രിയില്‍ !!

കോഴിക്കോട് :അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് പതിനഞ്ചുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട് കാക്കവയലിലാണ് സംഭവം. പെണ്‍കുട്ടിയ്ക്ക് അടിവയറ്റിലേറ്റ മര്‍ദ്ദനത്തെ തുടര്‍ന്ന് കഠിനമായ വയറുവേദനയെയും ആന്തരിക രക്തസ്രാവവും  അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. പെണ്‍കുട്ടിയെ ആദ്യം ബത്തേരിയിലുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു. ഒന്‍പതുവര്‍ഷം മുന്‍പാണ് കുട്ടിയുടെ അമ്മ മരിച്ചത് . മറ്റു രണ്ടു സഹോദരിമാരും പെണ്‍കുട്ടിക്കുണ്ട്.

അമ്മ നോക്കി നില്‍ക്കെ കുഞ്ഞിനെ കടിച്ച് കീറി; തെരുവ് നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

പാലക്കാട്: അമ്മ നോക്കി നില്‍ക്കെ കുഞ്ഞിനെ തെരുവ് നായ ആക്രമിച്ചു. പാലക്കാട് കുത്താമ്പുള്ളിയിലാണ് കുട്ടിയെ കുളിപ്പിക്കുന്നതിനിടെ തെരുവ് നായ കടിച്ചത്. കുത്താമ്പുള്ളി ചാമുണ്ഡി നഗറിലാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത്‌ പാത്രത്തില്‍ കിടത്തി ആറ് മാസം പ്രായമുള്ള താര എന്ന കുട്ടിയെ അമ്മ കുളിപ്പിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു നായയുടെ ആക്രമണം.
പട്ടി ഓടിയെത്തി കുട്ടിയെ കടിച്ച് വലിക്കാന്‍ ശ്രമിക്കുകയായിരുന്നു. നായയുടെ കടിയേറ്റ്‌
കുഞ്ഞിന്റെ വയറില്‍ മുറിവേറ്റിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. കുത്താമ്പുള്ളിയില്‍ മൂന്ന് വയസുകാരന് നേരെയും പട്ടിയുടെ ആക്രമണമുണ്ടായി. അക്രമകാരിയായ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

ദേശീയ പണിമുടക്ക്: ഹജ്ജ് യാത്രക്കാരെ ഒഴിവാക്കണമെന്ന ആവശ്യം ശക്തം

കോഴിക്കോട്: അടുത്തമാസം രണ്ടാം തിയതി നടക്കുന്ന പൊതുപണിമുടക്കില്‍ നിന്നും ഹജ്ജ് യാത്രക്കാരെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഹജ്ജ് സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകളെ നിലവില്‍ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഹാജിമാര്‍ ഈ ബസ് സര്‍വിസ് വഴിയാണ് നെടുമ്പാശ്ശേരിയില്‍ എത്തുന്നത്. 
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നും ദിനേനെ നിരവധി സര്‍വിസുകളുണ്ട്. പൊതുപണിമുടക്ക് ദിനത്തില്‍ കെ.എസ്.ആര്‍.സിയുടെ ഈ സര്‍വിസുകള്‍ മുടങ്ങിയാല്‍ അന്ന് യാത്രചെയ്യാന്‍ ബുക്ക്‌ചെയ്തു കാത്തിരിക്കുന്നവരുടെ യാത്ര മുടങ്ങും. പണിമുടക്ക് ദിനത്തിലെ ബസ് സര്‍വിസുകളെ കുറിച്ച് അധികൃതര്‍ക്ക് ഇപ്പോള്‍ കൃത്യമായ വിവരമില്ല. പണിമുടക്ക് തടസമാവാത്ത വിധം ഹജ്ജ് സര്‍വിസ് ക്രമീകരിക്കാന്‍ ട്രേഡ് യൂനിയനും സര്‍ക്കാരും നിലവില്‍ ഒരു സംവിധാനവും ചെയ്തിട്ടില്ല. 
വിമാനം പുറപ്പെടുന്ന ദിവസം നേരത്തെ തീരുമാനിച്ചതിനാല്‍ മറ്റു ദിവസത്തേക്ക് യാത്ര മാറ്റി വയ്ക്കാന്‍ കഴിയില്ല. പ്രായമായവരും കുട്ടികളുമുള്ളതിനാല്‍ പലര്‍ക്കും നേരത്തെ നെടുമ്പാശ്ശേരിയില്‍ എത്താനും കഴിയില്ല. ഇതിനാല്‍ പണിമുടക്ക് ദിവസം സര്‍വിസ് നടത്തുക മാത്രമേ നിര്‍വാഹമുള്ളൂ

ഭക്ഷ്യവസ്തുക്കളില്‍ കീടനാശിനി; ജാഗ്രതാ നിര്‍ദേശവുമായി ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിപണിയില്‍ ലഭ്യമായിട്ടുള്ള പഴങ്ങളിലും പച്ചക്കറികളിലും മാരക കീടനാശിനികളുടെ അംശം ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍. ഇത്തരം സാധനങ്ങള്‍ വാളന്‍ പുളിവെള്ളത്തില്‍ അര മണിക്കൂര്‍ മുക്കിവച്ചശേഷം ശുദ്ധജലത്തില്‍ നല്ലവണ്ണം കഴുകി കോട്ടണ്‍ തുണി ഉപയോഗിച്ച് തുടച്ചശേഷം മാത്രമേ ഉപയോഗിക്കാവൂവെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. 
പാചകം ചെയ്യാന്‍ പാകത്തില്‍ (റെഡി ടു കുക്ക്) പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞും പ്ലാസ്റ്റിക് പാക്കറ്റുകളിലുമാക്കിയ പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്നത് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരം അനുവദനീയമല്ല. 
ഈ രീതിയില്‍ വ്യാപാരം നടത്തുന്നവര്‍ അടിയന്തരമായി ഇത്തരം സാധനങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കേണ്ടതാണെന്നും ഈ നിര്‍ദേശം ലംഘിച്ചാല്‍ പിഴ ഉള്‍പ്പെടെയുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ അറിയിച്ചു. 
സംസ്ഥാനത്ത് ഓണ വിപണി ലക്ഷ്യമാക്കി പായസം (പ്രഥമന്‍) പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ നിറച്ച് വില്‍പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 
പായസം, ചൂടാറുന്നതിനു മുമ്പ് പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ നിറച്ച് വിതരണം ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നിരിക്കേ ഇങ്ങനെ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഉള്‍പ്പെടെയുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ അറിയിച്ചു. 
ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ടോള്‍ഫ്രീ നമ്പറിലോ (18004251125) താഴെ പറയുന്ന ജില്ലാ ഫുഡ് സേഫ്റ്റി ഓഫിസര്‍മാരുടെ നമ്പരിലോ വിളിച്ചറിയിക്കണം. തിരുവനന്തപുരം – 8943346181, കൊല്ലം – 8943346182, പത്തനംതിട്ട – 8943346183, ആലപ്പുഴ – 8943346184, കോട്ടയം – 8943346185, ഇടുക്കി – 8943346186, എറണാകുളം – 8943346187, തൃശൂര്‍ – 8943346188, പാലക്കാട് – 8943346189, മലപ്പുറം – 8943346190, കോഴിക്കോട് – 8943346191, വയനാട് – 8943346192, കണ്ണൂര്‍ – 8943346193, കാസര്‍കോട് – 8943346194. ജില്ലകളിലെ അസിസ്റ്റന്റ് കമ്മിഷണര്‍ (ഇന്റലിജന്‍സ്) മാരുടെ ഫോണ്‍ നമ്പര്‍: തിരുവനന്തപുരം- 8943346195, എറണാകുളം- 8943346196, കോഴിക്കോട് -8943346197.

തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസ് പാളംതെറ്റി

തൃശ്ശൂര്‍:  തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസ് (16347) പാളംതെറ്റി. അങ്കമാലിക്കു സമീപം കറുകുറ്റിയില്‍ പുലര്‍ച്ചെ 2.30 നാണ് അപകടം. യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ല.
പന്ത്രണ്ട് കോച്ചുകളാണ് പാളംതെറ്റിയത്.
റെയില്‍പാളത്തിലുണ്ടായ വിള്ളലാണ് അപകടത്തിനു കാരണമായതെന്ന് സംശയിക്കുന്നു. യാത്രക്കാരെ ബസില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കു മാറ്റി.
റെയില്‍വേ ഹെല്‍പ്പ് ലൈന്‍ തിരുവനന്തപുരം: 0471-2320012, തൃശൂര്‍: 0471-2429241

കിളിമാനൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അടൂര്‍ സ്വദേശി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിനടുത്ത് മണലേറ്റുപച്ചയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അടൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ നായര്‍ (68) ആണ് മരിച്ചത്. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം.

തീവ്രവാദ ഭീഷണി: 33 അണക്കെട്ടുകളില്‍ നിരീക്ഷണ ബോട്ടുകള്‍ ഇറക്കും

തൊടുപുഴ: നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ബോര്‍ഡിന്റെ 33 അണക്കെട്ടുകളിലും പുതിയ ബോട്ടുകള്‍ ഇറക്കാന്‍ തീരുമാനം. ലോകബാങ്ക് പദ്ധതിയായ ഡ്രിപ്പില്‍ (ഡാം റീഹാബിലിറ്റേഷന്‍ ആന്റ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ട്) ഉള്‍പ്പെടുത്തി ബോട്ടുകള്‍ വാങ്ങാനാണ് കെ.എസ്.ഇ.ബി തീരുമാനിച്ചിരിക്കുന്നത്. സിവില്‍ വിഭാഗം ചീഫ് എന്‍ജിനിയര്‍ (ഡാം സേഫ്റ്റി ആന്റ് ഡ്രിപ്പ്) ആര്‍ അനില്‍കുമാര്‍ ഇതിനായി ഇ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. പദ്ധതിക്കായി 1.85 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. 
രാജ്യത്തെ വൈദ്യുതി പദ്ധതികള്‍ക്ക് നേരെ ആക്രമണം നടത്താന്‍ മാവോയിസ്റ്റ് അടക്കമുള്ള ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. പദ്ധതി പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് കെ.എസ്.ഇ.ബി വിജിലന്‍സും നിര്‍ദേശിച്ചിരുന്നു. വൈദ്യുതി ബോര്‍ഡിന്റെ ഭൂരിഭാഗം അണക്കെട്ടുകളുടേയും റിസര്‍വോയറുകള്‍ സ്ഥിതിചെയ്യുന്നത് വനമേഖലകളിലാണ്. ബോട്ട് സൗകര്യമില്ലാത്തതിനാല്‍ മിക്കയിടങ്ങളിലും ഇപ്പോള്‍ നിരീക്ഷണം പേരിന് മാത്രമാണ്. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ കൈയേറ്റവും വ്യാപകമാണ്. ഇവിടങ്ങളില്‍ ഇപ്പോള്‍ കാര്യമായ സുരക്ഷാസംവിധാനങ്ങളില്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നുചെല്ലാവുന്ന രീതിയിലാണ് അണക്കെട്ടുകള്‍. ഇടുക്കി പദ്ധതിയുടെ ചെറുതോണി അണക്കെട്ടില്‍ അടുത്തിടെയുണ്ടായ സുരക്ഷാവീഴ്ച ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ജില്ലാ ഭരണകൂടം സെക്യൂരിറ്റി ഓഡിറ്റിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 
ബോട്ട് സൗകര്യമില്ലാത്തതിനാല്‍ പല അണക്കെട്ടുകളിലും സാങ്കേതിക പരിശോധനകളും മുടങ്ങിയിരിക്കുകയാണ്. അണക്കെട്ടുകളിലേയ്ക്ക് വെള്ളമെത്തുന്ന ടണല്‍ മുഖങ്ങളും ഇന്‍ടേക്ക് ഗേറ്റുകളുമെല്ലാം പരിശോധിക്കണമെങ്കില്‍ ബോട്ട് ആവശ്യമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി അണക്കെട്ടില്‍പോലും ബോട്ടില്ലാത്തതിനാല്‍ കൃത്യമായ പരിശോധനകള്‍ നടക്കുന്നില്ല. ഇവിടെ പരിശോധനകള്‍ക്കുപയോഗിച്ചിരുന്ന ബോട്ട് കഴിഞ്ഞവര്‍ഷം ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചിരുന്നു. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. 
വൈദ്യുതി ബോര്‍ഡിന് കീഴില്‍ 33 അണക്കെട്ടുകളുണ്ടെങ്കിലും 17 റിസര്‍വോയറുകളാണ് ഉള്ളത്. ചില അണക്കെട്ടുകളുടെ റിസര്‍വോയറുകള്‍ പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇടുക്കി ആര്‍ച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം എന്നിവയിലെ ജലം ഒന്നിച്ചാണ് സ്ഥിതി ചെയ്യുന്നത്. 
ഒന്‍പതുമാസത്തിനുള്ളില്‍ എല്ലാ അണക്കെട്ടുകളിലും ബോട്ടുകള്‍ ഇറക്കാന്‍ വേണ്ടിയാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. രണ്ടുതരം ബോട്ടുകളാണ് അണക്കെട്ടുകളില്‍ ഇറക്കുന്നത്. ചെറിയ അണക്കെട്ടുകളില്‍ ശേഷികുറഞ്ഞ സ്പീഡ് ബോട്ടുകളും വലിയ അണക്കെട്ടുകളില്‍ ശേഷികൂടിയ ബോട്ടുകളും ഇറക്കാനാണ് പദ്ധതി.

താനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന് കുത്തേറ്റു

തിരൂര്‍: താനൂരിലെ തീരദേശപ്രദേശമായ ചാപ്പപ്പടിയില്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനു നേരെ ആക്രമണം. താനൂര്‍ ആല്‍ബസാര്‍ സ്വദേശി കോയമ്മാടത്ത് കബീറിനെ (26) അക്രമി സംഘം കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. വയറിനു കുത്തേറ്റു സാരമായി പരുക്കേറ്റ കബീറിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം. 
ചാപ്പപ്പടിപാടം പ്രദേശത്ത് സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ അക്രമിസംഘം പിന്നില്‍ നിന്ന് കത്തികൊണ്ട് കുത്തുകയായിരുന്നു. കുത്തേറ്റു വീണ കബീറിനെ ഓടിക്കൂടിയ നാട്ടുകാരാണ് തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ശുശ്രൂഷ നല്‍കിയതിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. 
ഇന്നലെ ഉച്ചക്ക് കബീറും ജ്യേഷ്ഠനും തമ്മിലുണ്ടായ തര്‍ക്കമാണ് സംഭവത്തില്‍ കലാശിച്ചതെന്നു സൂചന. ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് മുസ്‌ലിം ലീഗ് നേതൃത്വം ആരോപിച്ചു. നേരത്തെ നാലോളം കേസുകളില്‍ പ്രതികളായവരാണ് ആക്രമികളെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു.

ഓഫിസ് സമയത്ത് അത്തപ്പൂക്കളത്തിനും ഓണക്കച്ചവടത്തിനും വിലക്ക്

തിരുവനന്തപുരം: പ്രവൃത്തിസമയങ്ങളില്‍ ഓഫിസുകളില്‍ അത്തപ്പൂക്കളമിടുന്നതിനും ഓണക്കച്ചവടം നടത്തുന്നതിനും വിലക്ക്. ഓഫിസ് പ്രവര്‍ത്തനസമയത്ത് ജീവനക്കാര്‍ അത്തപ്പൂക്കളം ഇടുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സപ്ലൈകോയുടെ ഓണം, ബക്രീദ് മെട്രോഫെയര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ഓണക്കാലത്ത് പൂക്കളമിടുന്നത് സന്തോഷകരമായ കാര്യമാണ്. അത് ഓഫിസ് സമയത്തിനു മുമ്പ് ചെയ്യണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഇക്കാര്യത്തിലുള്ള  നിര്‍ദേശങ്ങള്‍ വകുപ്പ് മേധാവികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഓണക്കച്ചവടവും അനുവദിക്കില്ല. പ്രത്യേകിച്ച് സെക്രട്ടേറിയറ്റില്‍. ഇവിടെ കച്ചവടക്കാര്‍ കയറിയിറങ്ങുന്നത് പതിവാണ്. നേരത്തേതന്നെ ഇത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 
എല്ലാ കാര്യങ്ങളും ഇരിക്കുന്ന സീറ്റില്‍ തന്നെ ലഭിക്കണമെന്ന് ജീവനക്കാര്‍ വാശിപിടിക്കരുത്. സാധനങ്ങള്‍ വാങ്ങാന്‍ ആവശ്യത്തിന് അവധിയുണ്ട്. ആ സമയത്ത് ഇത്തരം ആവശ്യങ്ങള്‍ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും സെക്രട്ടേറിയറ്റില്‍ വകുപ്പ് മന്ത്രിമാരുടെ ഓഫിസുകളില്‍ ഉള്‍പ്പെടെ പൂക്കളം ഒരുക്കുന്നത് പതിവാണ്. ഓഫിസ് സമയത്ത് ജോലി മാറ്റിവച്ചാണ് പലരും പൂക്കളമിടുക. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി വിലക്ക് ഏര്‍പ്പെടുത്തിയത്.

പാലക്കാട് - ഗുരുവായൂര്‍ റൂട്ടില്‍ ബസ് പണിമുടക്ക്

പാലക്കാട്: പാലക്കാട് – ഗുരുവായൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കുന്നു. ബി.എം.എസ് യൂണിയനാണ് പണിമുടക്കുന്നത്. ബസ് തൊഴിലാളികളെ ചിലര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

ചികിത്സാ സഹായം കൈമാറി

മാസങ്ങളോളമായി കിഡ്‌ണി സംബന്ധമായി ചികിത്സയില്‍ കഴിയുന്ന ആറ്റാശ്ശേരി സ്വദേശി മുഹമ്മദലിക്ക്‌ സ്‌നേഹസംഗമം പിരിച്ചെടുത്ത ഫണ്ട്‌ മഹല്ല്‌ ഖത്തീബ്‌ അലവിക്കുട്ടി ബാഖവി മുഹമ്മദലിക്ക്‌ കൈമാറി.

Friday, 26 August 2016

മാളയില്‍ ഏഴു പേരെ കടിച്ച നായയ്ക്ക് പേയുണ്ടെന്ന് സ്ഥിരീകരണം

തൃശൂര്‍: മാള പൊയ്യയില്‍ ഏഴു പേരെ കടിച്ച നായയ്ക്ക് പേയുണ്ടെന്ന് സ്ഥിരീകരണം. വെറ്ററിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയലാണ് നായയ്ക്ക് പേയുള്ളതായി കണ്ടെത്തിയത്.
വ്യാഴാഴ്ചയാണ് പൊയ്യയിലെ കൃഷ്ണന്‍കോട്ടയില്‍ തെരുവുനായയയുടെ ആക്രമണമുണ്ടായത്. നാലു കുട്ടികളടക്കം ഏഴു പേര്‍ക്കാണ് ഈ നായയുടെ കടിയേറ്റത്.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സീറ്റുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ മുഴുവന്‍ സീറ്റിലും സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഉപാധികളോടെയാണ് ഉത്തരവ് സ്‌റ്റേ ചെയ്തത്. മാനേജ്‌മെന്റ് സീറ്റുകള്‍ ഏറ്റെടുക്കാനുള്ള ഉത്തരവാണ് സ്‌റ്റേ ചെയ്തത്. മാനേജ്‌മെന്റുകള്‍ക്ക് നീറ്റില്‍ നിന്നും മെറിറ്റ് ലെവലില്‍ പ്രവേശനം നടത്താം. അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയായിരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പ്രോസ്‌പെക്ട്‌സും റാങ്ക് ലിസ്റ്റും മാനേജ്‌മെന്റ് വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കണം. പ്രോസ്‌പെക്ട്‌സിന് ജെയിംസ് കമ്മിറ്റിയുടെ അംഗീകാരം വേണം. ഉപാധികളെല്ലാം പ്രവേശനത്തിന്റെ സുതാര്യതയ്ക്ക് വേണ്ടിയാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
്പ്രവേശനം നീറ്റ് പട്ടികയില്‍ നിന്ന് മാത്രമാകണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ സീറ്റുകളിലേക്ക് പൊതുപ്രവേശന പരീക്ഷയെ ആസ്പദമാക്കി പ്രവേശനം നടത്തും. പൊതുപ്രവേശന പരീക്ഷ സര്‍ക്കാര്‍ തലത്തില്‍ മാത്രമുള്ളതിലൂടെ മാത്രമേ പ്രവേശനമുണ്ടാകൂ.
അമ്പത് ശതമാനം സീറ്റുകളിലേക്ക് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് പ്രവേശനം നടത്താം. എന്നാല്‍, ഇത് നീറ്റ് പട്ടിക മാനദണ്ഡമാക്കി റാങ്ക് അടിസ്ഥാനത്തില്‍ തന്നെ നടത്തണം. മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനവും റാങ്ക് അടിസ്ഥാനമാക്കി വേണം നടത്താന്‍. ഇതിന്റെ പട്ടിക സര്‍ക്കാര്‍ നല്‍കുമെന്ന് എജി കോടതിയെ അറിയിച്ചു.സര്‍ക്കാരുമായി അമ്പത് ശതമാനം ആനുപാതത്തില്‍ സീറ്റുകള്‍ പങ്കുവയ്ക്കാന്‍ നിയമമില്ലെന്ന് സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ അറിയിച്ചു.
എന്നാല്‍, ഈ നടപടി പ്രായോഗികമാണോയെന്ന് ഹൈക്കോടതി ചോദിച്ചു. നീറ്റ് മാനദണ്ഡമാക്കി മാനേജ്‌മെന്റ് സീറ്റുകളിലേക്ക് സര്‍ക്കാര്‍ നല്‍കുന്ന പട്ടിക പ്രകാരം പ്രവേശനം നടത്തുന്നത് പ്രായോഗികമല്ലെന്ന് മാനേജ്‌മെന്റുകളും നിലപാടെടുത്തു.