Saturday, 27 August 2016

തീവ്രവാദ ഭീഷണി: 33 അണക്കെട്ടുകളില്‍ നിരീക്ഷണ ബോട്ടുകള്‍ ഇറക്കും

തൊടുപുഴ: നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ബോര്‍ഡിന്റെ 33 അണക്കെട്ടുകളിലും പുതിയ ബോട്ടുകള്‍ ഇറക്കാന്‍ തീരുമാനം. ലോകബാങ്ക് പദ്ധതിയായ ഡ്രിപ്പില്‍ (ഡാം റീഹാബിലിറ്റേഷന്‍ ആന്റ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ട്) ഉള്‍പ്പെടുത്തി ബോട്ടുകള്‍ വാങ്ങാനാണ് കെ.എസ്.ഇ.ബി തീരുമാനിച്ചിരിക്കുന്നത്. സിവില്‍ വിഭാഗം ചീഫ് എന്‍ജിനിയര്‍ (ഡാം സേഫ്റ്റി ആന്റ് ഡ്രിപ്പ്) ആര്‍ അനില്‍കുമാര്‍ ഇതിനായി ഇ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. പദ്ധതിക്കായി 1.85 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. 
രാജ്യത്തെ വൈദ്യുതി പദ്ധതികള്‍ക്ക് നേരെ ആക്രമണം നടത്താന്‍ മാവോയിസ്റ്റ് അടക്കമുള്ള ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. പദ്ധതി പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് കെ.എസ്.ഇ.ബി വിജിലന്‍സും നിര്‍ദേശിച്ചിരുന്നു. വൈദ്യുതി ബോര്‍ഡിന്റെ ഭൂരിഭാഗം അണക്കെട്ടുകളുടേയും റിസര്‍വോയറുകള്‍ സ്ഥിതിചെയ്യുന്നത് വനമേഖലകളിലാണ്. ബോട്ട് സൗകര്യമില്ലാത്തതിനാല്‍ മിക്കയിടങ്ങളിലും ഇപ്പോള്‍ നിരീക്ഷണം പേരിന് മാത്രമാണ്. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ കൈയേറ്റവും വ്യാപകമാണ്. ഇവിടങ്ങളില്‍ ഇപ്പോള്‍ കാര്യമായ സുരക്ഷാസംവിധാനങ്ങളില്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നുചെല്ലാവുന്ന രീതിയിലാണ് അണക്കെട്ടുകള്‍. ഇടുക്കി പദ്ധതിയുടെ ചെറുതോണി അണക്കെട്ടില്‍ അടുത്തിടെയുണ്ടായ സുരക്ഷാവീഴ്ച ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ജില്ലാ ഭരണകൂടം സെക്യൂരിറ്റി ഓഡിറ്റിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 
ബോട്ട് സൗകര്യമില്ലാത്തതിനാല്‍ പല അണക്കെട്ടുകളിലും സാങ്കേതിക പരിശോധനകളും മുടങ്ങിയിരിക്കുകയാണ്. അണക്കെട്ടുകളിലേയ്ക്ക് വെള്ളമെത്തുന്ന ടണല്‍ മുഖങ്ങളും ഇന്‍ടേക്ക് ഗേറ്റുകളുമെല്ലാം പരിശോധിക്കണമെങ്കില്‍ ബോട്ട് ആവശ്യമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി അണക്കെട്ടില്‍പോലും ബോട്ടില്ലാത്തതിനാല്‍ കൃത്യമായ പരിശോധനകള്‍ നടക്കുന്നില്ല. ഇവിടെ പരിശോധനകള്‍ക്കുപയോഗിച്ചിരുന്ന ബോട്ട് കഴിഞ്ഞവര്‍ഷം ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചിരുന്നു. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. 
വൈദ്യുതി ബോര്‍ഡിന് കീഴില്‍ 33 അണക്കെട്ടുകളുണ്ടെങ്കിലും 17 റിസര്‍വോയറുകളാണ് ഉള്ളത്. ചില അണക്കെട്ടുകളുടെ റിസര്‍വോയറുകള്‍ പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇടുക്കി ആര്‍ച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം എന്നിവയിലെ ജലം ഒന്നിച്ചാണ് സ്ഥിതി ചെയ്യുന്നത്. 
ഒന്‍പതുമാസത്തിനുള്ളില്‍ എല്ലാ അണക്കെട്ടുകളിലും ബോട്ടുകള്‍ ഇറക്കാന്‍ വേണ്ടിയാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. രണ്ടുതരം ബോട്ടുകളാണ് അണക്കെട്ടുകളില്‍ ഇറക്കുന്നത്. ചെറിയ അണക്കെട്ടുകളില്‍ ശേഷികുറഞ്ഞ സ്പീഡ് ബോട്ടുകളും വലിയ അണക്കെട്ടുകളില്‍ ശേഷികൂടിയ ബോട്ടുകളും ഇറക്കാനാണ് പദ്ധതി.

No comments:

Post a Comment