Saturday, 27 August 2016

ഓഫിസ് സമയത്ത് അത്തപ്പൂക്കളത്തിനും ഓണക്കച്ചവടത്തിനും വിലക്ക്

തിരുവനന്തപുരം: പ്രവൃത്തിസമയങ്ങളില്‍ ഓഫിസുകളില്‍ അത്തപ്പൂക്കളമിടുന്നതിനും ഓണക്കച്ചവടം നടത്തുന്നതിനും വിലക്ക്. ഓഫിസ് പ്രവര്‍ത്തനസമയത്ത് ജീവനക്കാര്‍ അത്തപ്പൂക്കളം ഇടുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സപ്ലൈകോയുടെ ഓണം, ബക്രീദ് മെട്രോഫെയര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ഓണക്കാലത്ത് പൂക്കളമിടുന്നത് സന്തോഷകരമായ കാര്യമാണ്. അത് ഓഫിസ് സമയത്തിനു മുമ്പ് ചെയ്യണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഇക്കാര്യത്തിലുള്ള  നിര്‍ദേശങ്ങള്‍ വകുപ്പ് മേധാവികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഓണക്കച്ചവടവും അനുവദിക്കില്ല. പ്രത്യേകിച്ച് സെക്രട്ടേറിയറ്റില്‍. ഇവിടെ കച്ചവടക്കാര്‍ കയറിയിറങ്ങുന്നത് പതിവാണ്. നേരത്തേതന്നെ ഇത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 
എല്ലാ കാര്യങ്ങളും ഇരിക്കുന്ന സീറ്റില്‍ തന്നെ ലഭിക്കണമെന്ന് ജീവനക്കാര്‍ വാശിപിടിക്കരുത്. സാധനങ്ങള്‍ വാങ്ങാന്‍ ആവശ്യത്തിന് അവധിയുണ്ട്. ആ സമയത്ത് ഇത്തരം ആവശ്യങ്ങള്‍ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും സെക്രട്ടേറിയറ്റില്‍ വകുപ്പ് മന്ത്രിമാരുടെ ഓഫിസുകളില്‍ ഉള്‍പ്പെടെ പൂക്കളം ഒരുക്കുന്നത് പതിവാണ്. ഓഫിസ് സമയത്ത് ജോലി മാറ്റിവച്ചാണ് പലരും പൂക്കളമിടുക. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി വിലക്ക് ഏര്‍പ്പെടുത്തിയത്.

No comments:

Post a Comment