Saturday, 17 September 2016

മഹ്ളറത്തുൽ ബദരിയ്യ സ്വലാത്ത് മജ് ലിസ് ഉദ്ഘാടനവും ദുആ സമ്മേളനവും 30 ന് .

ആറ്റാശ്ശേരി:
ആറ്റാശ്ശേരി സുന്നി സെന്ററിൽ മാസാന്തം സംഘടിപ്പിക്കാൻ തീരുമാനിച്ച മഹ്ളറത്തുൽ ബദരിയ്യ സ്വലാത്ത് മജ്‌ലിസിന്റെ ഉദ്‌ഘാടനവും
ദുആ സമ്മേളനവും
 ഈ മാസം 30 വെള്ളി വൈകുന്നേരം 7മണിക്ക്  സുന്നി സെന്ററിൽ നടക്കും പ്രമുഖ ആത്മീയ പണ്ഡിതൻ സയ്യിദ് അഷ്റഫ് തങ്ങൾ പള്ളം നേത്യത്വം നൽകും. പ്രഗത്ഭരായ പണ്ഡിതന്മാരും കേരള മുസ്ലിംജമാഅത്ത്, എസ്.വൈ. എസ്,
 എസ്.എസ്.എഫ്. നേതാക്കളും പരിപാടിയിൽ സംബന്ധിക്കും.

ജിഷ വധക്കേസ്: കുറ്റപത്രം സമര്‍പ്പിച്ചു, അമീര്‍ ഏക പ്രതി

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ വധിക്കപ്പെട്ട കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. അസം സ്വദേശി അമീറിനെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. എറണാകുളം സെഷന്‍സ് കോടതിയിലാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്.
ലൈംഗിക പീഡനത്തിനുള്ള ശ്രമം ചെറുത്തപ്പോള്‍ രോഷാകുലനായ പ്രതി ജിഷയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൊലപാതകം, മാനഭംഗം, ദലിത് പീഡന നിരോധന നിയമം തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. 
എന്നാല്‍, കൊലനടത്തുന്നതിനു തൊട്ടുമുന്‍പുവരെ അമീറിനൊപ്പം ഉണ്ടായിരുന്നെന്ന് പറയപ്പെടുന്ന സുഹൃത്ത് അനാറിനെപ്പറ്റി കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നാണ് സൂചന.
ഇയാള്‍ക്കുവേണ്ടി പൊലിസ് കേരളത്തിലും അസമിലും തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിയാതിരുന്നതാണ് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ കാരണം. കടുത്തശിക്ഷ കിട്ടാവുന്ന കേസുകളില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് നിയമം. 
എന്നാല്‍ കോടതി അവധിയായതിനാല്‍ അമീറിനെ അറസ്റ്റുചെയ്ത 93ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. പ്രതി കൊല നടത്തുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രം ഉള്‍പ്പെടെയുള്ള പ്രധാന തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന ആരോപണം നിലനില്‍ക്കെ ഡി.എന്‍.എ അടക്കമുള്ള ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
സൗമ്യകേസില്‍ സുപ്രിം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ശക്തമായ ശാസ്ത്രീയതെളിവുകളെ അടിസ്ഥാനമാക്കിയുള്ള കുറ്റപത്രം പഴുതകളടച്ചതായിരിക്കണമെന്നാണ് പൊലിസിന്റെ വിലയിരുത്തല്‍. കൊലചെയ്യപ്പെടുമ്പോള്‍ ജിഷ ധരിച്ചിരുന്ന ചുരിദാറില്‍ പുരണ്ട ഉമിനീരില്‍ നിന്ന് അമീറിന്റെ ഡി.എന്‍.എ വേര്‍തിരിച്ചെടുത്തതാണ് അന്വേഷണസംഘം ഏറ്റവും നേട്ടമായി കാണുന്നത്. ജിഷയുടെ നഖത്തില്‍ നിന്ന് അമീറിന്റെ ഡി.എന്‍.എ വേര്‍തിരിച്ചെടുത്തത്, ജിഷയുടെ വസ്ത്രത്തില്‍ നിന്നും അമീറിന്റെയും ജിഷയുടെയും ഡി.എന്‍.എ വേര്‍തിരിച്ചെടുത്തത്, ജിഷയുടെ വീട്ടില്‍ നിന്നും ലഭിച്ചത് പ്രതിയുടെ ചെരുപ്പാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ കണ്ടെത്തിയത് തുടങ്ങി ഏഴ് ശാസ്ത്രീയതെളിവുകളാണ് കുറ്റപത്രത്തില്‍ പ്രധാനമായും വിശദീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ 28 നാണ് കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ബണ്ട് പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ ജിഷ കൊല്ലപ്പെട്ടത്. ആദ്യം പെരുമ്പാവൂര്‍ കോടതിയില്‍ ആരംഭിച്ച കേസ് നടപടിക്രമങ്ങള്‍ പിന്നീട് ദലിത് പീഡന നിരോധനനിയമം ചുമത്തിയതിനത്തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

നിലവിളക്ക്: മുനീര്‍ മാപ്പു പറഞ്ഞു, വിവാദം അവസാനിപ്പിക്കണം- ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ശിവസേനയുടെ ഗണേശോത്സവം ഉല്‍ഘാടനം ചെയ്ത് കൊണ്ട് ഡോ: എം.കെ.മുനീര്‍ നിലവിളക്ക് കൊളുത്തിയ സംഭവത്തി
ല്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് രേഖാമൂലം മാപ്പ് എഴുതി നല്‍കി. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഈ സാഹചര്യത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിച്ച് പരസ്പരം സഹകരിക്കാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

സമസ്തയുടെ ശാസനകളെ അംഗീകരിക്കും: ഡോ. എം.കെ മുനീര്‍

കോഴിക്കോട്: സമസ്തയുടെ ശാസനകളെ അംഗീകരിച്ച് മുന്നോട്ട് പോവുമെന്ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയും റിയാദ് മുസ്‌ലിം ഫെഡറേഷനും ചേര്‍ന്ന് നടത്തിയ പാറന്നൂര്‍ ഉസ്താദ് പണ്ഡിത പ്രതിഭാ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ നന്മയുടെ മാര്‍ഗത്തിലേക്ക് നയിക്കുന്ന സമസ്തയോട് കടപ്പെട്ടിരിക്കുന്നു. ശാസിക്കാനും നേര്‍വഴിക്ക് നയിക്കാനും സമസ്തയ്ക്ക് എന്നും അവകാശമുണ്ട്.
സമസ്തയുടെ എല്ലാ ശാസനകളെയും ഉള്‍ക്കൊള്ളാന്‍ ഞാനടക്കമുള്ളവര്‍ തയ്യാറാണ്. പരലോകത്തെ സുഖകരമായ ജീവിതത്തിന് വേണ്ടി എന്നും സമസ്തയുടെ നേതൃത്വത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തു കൊണ്ട് മുന്നോട്ട് പോവാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Monday, 5 September 2016

രാഷ്ട്രീയ നേതാക്കളുടെ സ്വത്ത് വിവരം തേടി വിജിലന്‍സ്

കൊച്ചി: രാഷ്ട്രീയ നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ തേടി വിജിലന്‍സ്. എല്ലാ പ്രമുഖ നേതാക്കളുടെയും സ്വത്ത് വിവരങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളുടെ നല്‍കണമെന്ന് ആദായനികുതി വകുപ്പിനോട് വിജിലന്‍സ് ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാരുടെയും മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിന്റെയും നിക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ ആ വിവരവും കൈമാറണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ.ബാബുവിനെതിരായ നടപടി തുടരുന്നതിനിടെയിലാണ് അന്വേഷണം വ്യാപിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ പാര്‍ട്ടികളിലെയും നേതാക്കളുടെ സ്വത്ത് വിവരങ്ങളാണ് വിജിലന്‍സ് തേടുന്നത്.

മയക്കുമരുന്നു മാഫിയകളുടെ കരങ്ങള്‍ വിദ്യാലയങ്ങള്‍ക്കടുത്തേക്കു വരുന്നത് തടയണം: മുഖ്യമന്ത്രി

തിരുവനന്തപുരം: മയക്കുമരുന്നു മാഫിയകളുടെ കരങ്ങള്‍ നമ്മുടെ വിദ്യാലയങ്ങള്‍ക്കടുത്തേക്കു നീണ്ടുവരുന്നത് തടയാന്‍ നാം ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അധ്യാപകദിനാഘോഷവും സംസ്ഥാന അധ്യാപക അവാര്‍ഡ് വിതരണവും അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാലയത്തിന്റെ ചുറ്റുപാടിലേക്ക് വരേണ്ടാത്തവര്‍ വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. അതിനു തടയിടാന്‍ അധ്യാപകര്‍ക്കും അധ്യാപക രക്ഷാകര്‍തൃസമിതികള്‍ക്കും കഴിയണം. വിദ്യാര്‍ഥി സംഘടനകള്‍ സജീവമായിരുന്ന കാലത്ത് അവര്‍ ഇക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. മയക്കുമരുന്ന് നല്‍കി വിദ്യാര്‍ഥികളെ സ്വാധീനിക്കുകയും അടിമകളാക്കുകയും പിന്നീട് കാരിയര്‍മാരുമാക്കുന്ന അവസ്ഥയുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ കുട്ടികള്‍ പൂര്‍ണമായി നശിച്ചുപോകുമെന്ന ആപത്ത് നാം തിരിച്ചറിഞ്ഞ് ജാഗ്രത പാലിക്കാനാകണം.
സര്‍ക്കാരിന്റെ ശ്രദ്ധയ്ക്കപ്പുറം അധ്യാപകരും രക്ഷകര്‍ത്താക്കളും ശ്രദ്ധ പുലര്‍ത്തണം. കുട്ടികളുടെ കണ്ണ് കലങ്ങിയാല്‍ അതെന്തുകൊണ്ടെന്ന് അന്വേഷിക്കാനുള്ള ശ്രദ്ധ അധ്യാപകര്‍ക്കുണ്ടാകണം. അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ ആത്മബന്ധം കുറയാതെ ശ്രദ്ധിക്കണം. അതില്‍ കുറവ് വന്നാല്‍ ഭാവി തലമുറയെ ബാധിക്കും.
പഴയകാലത്ത് കുട്ടികളെക്കുറിച്ചും വീട്ടിലെ സാഹചര്യത്തെക്കുറിച്ചും അധ്യാപകര്‍ വിശദമായി മനസിലാക്കി അതിന്റെ അടിസ്ഥാനത്തിലുള്ള ഇടപെടലും ഉണ്ടാകാറുണ്ടായിരുന്നു. പൊതുവിദ്യാലയങ്ങളില്‍ വ്യത്യസ്ത തലത്തിലും സാഹചര്യത്തിലും നിന്നുള്ള കുട്ടികളുണ്ട്. വീട്ടിലെ പ്രത്യേക സാഹചര്യങ്ങള്‍ കാരണം ശരാശരിയില്‍ താഴെ പോകുന്ന കുട്ടികളുണ്ടാകാം. അത്തരത്തിലുള്ള കുട്ടികളില്‍ പ്രത്യേകശ്രദ്ധയും പിന്തുണയും അധ്യാപകര്‍ നല്‍കണം.
കൂട്ടായ മനസ്സോടെ സ്‌കൂളുകളുടെ അഭിവൃദ്ധിക്ക് അധ്യാപകര്‍ ശ്രമിക്കണം. സമൂഹത്തിനുവേണ്ടി അര്‍പ്പിതമായിരുന്നു പണ്ട് ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത് അധ്യാപകരുടെ ജീവിതം. ഭാവിതലമുറയെ വാര്‍ത്തെടുക്കല്‍ മാത്രമല്ല, ഇന്നുള്ള തലമുറയെ സേവിക്കുന്ന പ്രവര്‍ത്തനവും അധ്യാപകര്‍ നടത്തിയിരുന്നു. നാട്ടിലുള്ള എല്ലാ നല്ല പ്രവൃത്തികള്‍ക്കുമൊപ്പം അധ്യാപകര്‍ ഉണ്ടായിരുന്നു. ഡിജിറ്റല്‍ ക്ലാസുകളിലേക്കുള്ള മാറ്റത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട്.
വളരെ വേഗത്തില്‍തന്നെ പൊതുവിദ്യാലയങ്ങള്‍ ഹൈടെക്കാക്കും. പന്ത്രണ്ടാം ക്ലാസ് വരെ ഈരീതിയില്‍ മാറ്റാന്‍ സമയബന്ധിതമായ പരിപാടിയാണ് ആവിഷ്‌കരിക്കുന്നത്. എന്നാല്‍, മാതൃഭാഷ എഴുതിത്തന്നെ പഠിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മറ്റു ഭാഷകള്‍ പഠിക്കുമ്പോള്‍ ഓഡിയോവിഷ്വല്‍ സങ്കേതങ്ങളുടെ സഹായം കൂടി ഉപയോഗപ്പെടുത്തുന്നത് ഉച്ചാരണവും മറ്റും മെച്ചപ്പെടുത്താന്‍ സഹായിക്കും.
പൊതുവിദ്യാലയങ്ങളെ മെച്ചപ്പെടുത്തുന്ന നടപടികളില്‍ സര്‍ക്കാരിനൊപ്പം പൂര്‍വവിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും വലിയ പങ്ക് വഹിക്കാനാകും. പി.ടി.എകളും തദ്ദേശസ്ഥാപനങ്ങളും എം.എല്‍.എയും എം.പിയും മറ്റു സഹായസന്നദ്ധരും പിന്തുണച്ചാല്‍ സര്‍ക്കാരിന്റെ വിഭവശേഷിക്കൊപ്പം നല്ല നിലയ്ക്ക് സ്‌കൂളുകളെ മെച്ചപ്പെടുത്താനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന അധ്യാപക അവാര്‍ഡുകളും വിദ്യാരംഗം കലാസാഹിത്യ പുരസ്‌കാരങ്ങളും പി.ടി.എകള്‍ക്കുള്ള അവാര്‍ഡുകളും മുഖ്യമന്ത്രി സമ്മാനിച്ചു.
വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കേരളം ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം അറിയിച്ചു. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് എങ്ങനെ തങ്ങളുടെ വിഷയം കാര്യക്ഷമമായി പഠിപ്പിക്കാനാകുമെന്ന് അധ്യാപകര്‍ക്ക് സമഗ്ര പരിശീലനം നല്‍കും. സമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത് അധ്യാപകര്‍ ഉയരണമെന്ന് അദ്ദേഹം പറഞ്ഞു. ജീവിതശൈലി എന്ന വിഷയത്തിലൂന്നി ഇനി ഒരു വര്‍ഷം അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. എ. സമ്പത്ത് എം.പി, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, പൊതുവിദ്യാഭ്യാസസെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ സ്‌പെഷ്യല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ട്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എം.എസ്. ജയ, അസാപ് ഡയറക്ടര്‍ ഡോ. എം.ടി. രെജു, ആര്‍.എം.എസ്.എ ഡയറക്ടര്‍ ആര്‍. രാഹുല്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കെ.പി. നൗഫല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ സ്‌കൂള്‍ അധ്യാപകന്‍ ദാരുണമായി മരണപ്പെട്ടു.


സീതാംഗോളി:
പുത്തിഗെ മുഹിമ്മാത്ത് സ്‌കൂള്‍ അധ്യപകന്‍ കുണ്ടാറിലെ ഉബൈദ് (30) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ മുഖാരിക്കണ്ടതാണ് അപകടം. എതിരെ വരികയായിരുന്ന ടിപ്പര്‍ ലോറി ബൈക്കിലിടിക്കുകയായിരുന്ന. അധ്യാപകന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. കുണ്ടാര്‍ ഉയിത്തടുക്കയിലെ മുഹമ്മദ് മുസ്ലിയാര്‍-ആമിന ദമ്പതികളുടെ മകനാണ്. സുള്ള്യയിലെ ഫസീലയാണ് ഭാര്യ. ഏക സഹോദരി: സല്‍മ.

ബാര്‍ കോഴ ആന്വേഷണം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലേക്കും

കൊച്ചി: ബാര്‍ കോഴക്കേസില്‍ അന്വേഷണം കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളിലേക്ക് വ്യാപിപ്പിക്കുന്നു. കോഴപ്പണം സോളാര്‍ കേസില്‍ ഉപയോഗിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കാന്‍ കാരണം.
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അനുകൂല റിപ്പോര്‍ട്ട് ആദ്യം നല്‍കിയിരുന്നു. ഇതിനു പിന്നാലെ ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റതിനു പിന്നാലെ തൃക്കാക്കര എം.എല്‍.എ ആയ ബെന്നി ബെഹ്‌നാന്റെ പേരില്‍ നിരവധി പരാതികളെത്തി. എന്നാല്‍, ബാര്‍ കോഴക്കേസ് അവസാനിച്ചിരുന്നതിനാല്‍ പരാതിയുമായി വിജിലന്‍സിന് മുന്നോട്ടു പോവാന്‍ കഴിഞ്ഞില്ല. അതിനിടെയാണ് കേസില്‍ വഴിത്തിരിവായി കോടതി ബാര്‍ കോഴക്കേസ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
കോഴ ആരോപണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ ആരോപണവിധയരാവയര്‍ക്കു നേരെ മാത്രമല്ല അവരോട് ബന്ധപ്പെട്ടവര്‍ക്ക് നേരെയും അന്വേഷണം ഉണ്ടാവും. ഇത്തരം ഒരു നിബന്ധനയോടെ വിജിലന്‍സ് ആഗസ്ത് 22ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതു പ്രകാരമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് എം.എല്‍.എ ആയ ബെന്നി ബെഹ്‌നാന്റെ ഇടപാടുകള്‍ വിജിലന്‍സ് പരിശോധിക്കാനൊരുങ്ങുന്നത്. മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന നേതാവാണ് ബെന്നി.

Sunday, 4 September 2016

പൊസോട്ട് തങ്ങള്‍ ഒന്നാം ഉറൂസ് 14 മുതല്‍; ഒരുക്കം തുടങ്ങി

മഞ്ചേശ്വരം : മൂന്ന് പതിറ്റാണ്ട് കാലം കാസര്‍കോടിന് ആത്മീയ വെളിച്ചം പകര്‍ന്ന് കഴിഞ്ഞ വര്‍ഷം അയ്യാമുത്തശ്‌രീഖില്‍ വിടപറഞ്ഞ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട് തങ്ങളുടെ ഒന്നാമത് ഉറൂസ് മുബാറകിന് മഞ്ചേശ്വരം മള്ഹറില്‍ സജ്ജീകരണം പൂര്‍ത്തിയാകുന്നു.

ഈ മാസം 14 മുതല്‍ 22 വരെ നടക്കുന്ന ആത്മീയ വിരുന്നിന് പങ്കാളികളാകാന്‍ നാടൊട്ടും വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഒമ്പത് ദിനങ്ങളിലായി പ്രൗഡവും വിജ്ഞാന പ്രദവുമായ ആത്മീയ പരിപാടികളാണ് ഉറൂസ് ഭാഗമായി ഒരുക്കിയിരിക്കുന്നത്. 

14ന് ബുധനാഴ്ച നാലിന് പതാക ഉയര്‍ത്തി ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ് ആരംഭിക്കും. മൗലിദ് പാരായണവും അന്ന് നടക്കും. 
15ന് രാവിലെ നടക്കുന്ന അല്‍ഫിയ്യ മുസാബഖ വിജ്ഞാന കൗതുകം പകരും. രാത്രി ബുര്‍ദ്ദ മജ്‌ലിസ് നടക്കും. 16ന് ഉച്ചക്ക് അനുസ്മരണ സംഗമവും രാത്രി ശാദുലി ഹല്‍ഖയും നടക്കും. 
17ന് ഉച്ചക്ക് പാരന്റ്‌സ് ചാറ്റ്, വൈകിട്ട് സ്‌നേഹ സംഗമം, ബാഅലവി പരമ്പരയില്‍ ആത്മീയ മജ്‌ലിസും നടക്കും. 

18ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മെഡിക്കല്‍ ക്യാമ്പ് ആയിരങ്ങള്‍ക്ക് ആശ്വാസമാകും. ഉച്ചക്ക് മുതഅല്ലിം ജല്‍സയും രാത്രി ജലാലിയ്യ റാത്തീബും നടക്കും.
19ന് ഉച്ചക്ക് ഹനഫീ ഇജ്തിമാഉം രാത്രി അഹ്‌ലുബൈത്തിനെ കുറിച്ച് പ്രത്യേക പഠന സംഗമവും നടക്കും. 
20ന് നടക്കുന്ന മുസ്‌ലിം ജമാഅത്ത് കോണ്‍ഫ്രന്‍സ് വിവിധ മഹല്ലുകളുടെയും പ്രസ്ഥാന നേതൃത്വത്തിന്റെയും സംഗമമായി മാറും. രാത്രി മുത്ത്‌നബി സമ്മേളനം പ്രവാചക സ്‌നേഹത്തിന്റെ വിളംബരമാകും. 

21ന് രാവിലെ വനിതാ പഠന വേദിയും ഉച്ചക്ക് സ്റ്റൂഡെന്റ്‌സ് കോണ്‍ക്ലേവും രാത്രി ആദര്‍ശ സമ്മേളനവും നടക്കും. 
22ന് സമാപന ദിനം രാവിലെ 7 മണിക്ക് പൊസോട്ട് തങ്ങളെ കുറിച്ചുള്ള മൗലിദ് പാരായണത്തോടെ ആരംഭിക്കും.   രാവിലെ 10ന് നടക്കുന്ന പണ്ഡിതര്‍ക്കായുള്ള ദര്‍സിന് സമസ് പ്രസിഡന്റ് റഈസുല്‍ ഉലമ നേതൃത്വം നല്‍കും. ഉച്ചക്ക്  ആലുംനി മീറ്റും. എക്‌സലന്‍സി മീറ്റും നടക്കും. വൈകിട്ട് നാലിന് ഖത്മുല്‍ ഖുര്‍ആന്‍ ദുആ മജ്‌ലിസില്‍ പതിനായിരങ്ങള്‍ സംബന്ധിക്കും. 

വൈകിട്ട് 5 മുതല്‍ ഉറൂസ് സമാപന സമ്മേളനവും സ്വലാത്ത് മജ്‌ലിസും നടക്കും. ശൈഖുനാ കാന്തപുരം ഉസ്താദും  ഖലീല്‍ തങ്ങളും നേതൃത്വം നല്‍കുന്ന സമാപന സംഗമത്തില്‍ സമസ്തയുടെ സമുന്നത സാര ഥികളും പ്രാസ്ഥാനിക നേതൃത്വവും അണിനിരക്കും. ജനലക്ഷങ്ങള്‍ എത്തിച്ചേരുന്ന ഉറൂസ് പരിപാടിക്ക് കുറ്റമറ്റ സംവിധാനമൊരുക്കാന്‍ സ്വാഗസംഘവും മള്ഹര്‍ നേതൃത്വവും തയ്യാറെടുപ്പിലാണ്.


എസ്എസ്എ ഫിന് ദേശീയ തലത്തില്‍ ഏകീകൃത രൂപമായി

ന്യൂഡല്‍ഹി: സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന് ദേശീയ തലത്തില്‍ ഏകീകൃത രൂപം നിലവില്‍ വന്നു. നേരത്തെ കേരളമുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്‍പ്പെടെ മറ്റിടങ്ങളിലും വ്യത്യസ്ത പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനക്ക് എസ് എസ് എഫ് എന്ന പേരിലാണ് ഏകീകൃത രൂപം നല്‍കുന്നത്. എസ് എസ് എഫിന്റെ പ്രവര്‍ത്തനം ദേശീയ തലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വ്യത്യസ്ത പേരുകളില്‍ അറിയപ്പെട്ടിരുന്ന സംഘടനാ സംവിധാനത്തെ എസ് എസ് എഫ് എന്ന പേരില്‍ ഏകോപിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ടുദിവസമായി ഡല്‍ഹിയില്‍ നടന്ന ദേശീയ പ്രതിനിധി സമ്മേളനമാണ് ഏകീകൃത സംഘടനാ പ്രവര്‍ത്തനത്തിന് പുതിയ രൂപം നല്‍കിയത്. സമ്മേളനത്തില്‍ പുതിയ ദേശീയ സമിതി രൂപവത്കരിച്ചു. തുടര്‍ന്ന് രാജ്യവ്യാപകമായി വിവിധ സംസ്ഥാനങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന് നടപടികള്‍ ആരംഭിച്ചു. രണ്ടുദിവസമായി ഡല്‍ഹിയില്‍ നടന്ന സമ്മേളനത്തില്‍ 22 സംസ്ഥാനങ്ങളില്‍ നിന്നായി നൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു. സമ്മേളനം പുതിയ ദേശീയ സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു.

എസ് എസ് എഫ് ദേശീയ സമിതി ഭാരവാഹികള്‍: പ്രസിഡന്റ്: ഷൗക്കത്ത് ബുഖാരി നഈമി (ജമ്മുകാശ്മീര്‍). ജന.സെക്രട്ടറി: കെ എം അബൂബക്കര്‍ സിദ്ദീഖ് (കര്‍ണാടക). ട്രഷറര്‍: സുഹൈറുദ്ദീന്‍ നൂറാനി (ബംഗാള്‍). വൈസ് പ്രസിഡന്റ്: സാലിക് അഹ്മദ് ലത്വീഫി (അസം). ഡെപ്യൂട്ടി പ്രസിഡന്റ്: മുഹമ്മദ് ഫാറൂഖ് നഈമി. അസി. പ്രസിഡന്റ്: നൗഷാദ് മിസ്ബാഹി (ഒറീസ). ജോ.സെക്രട്ടറി: കെ അബ്ദുല്‍ കലാം (കേരളം), ജാവേദ് ഉസ്മാനി (മണിപ്പൂര്‍). അസി. സെക്രട്ടറി: സയ്യിദ് നാസിം അലി (മധ്യപ്രദേശ്). ക്യാമ്പസ് സെക്രട്ടറി സയ്യിദ് സാജിദ് അലി (ജമ്മുകാശ്മീര്‍). ആസൂത്രണ സമിതി ചെയര്‍മാന്‍ ഡോ. ശിഹാബുദ്ദീന്‍ ഖാദിരി റിസ്‌വി(ഉത്തര്‍ പ്രദേശ്), കണ്‍വീനര്‍: ആര്‍ പി ഹുസൈന്‍ (കേരളം) സെക്രട്ടേറിയറ്റ് അംഗം: മൗലാന എം കെ എം ശാഫ് സഅദി (കര്‍ണാടക).

സലഫിസത്തെ പ്രതിരോധിക്കാ ന്‍ ദേശീയ പ്രചാരണം നടത്തും: എസ്എസ്എഫ്

ന്യൂഡല്‍ഹി: മതത്തിന്റെ പേരില്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത കിരാത പ്രവര്‍ത്തനം നടത്തുന്ന ഐ എസ് മനുഷ്യത്വത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ഐ എസിന്റെ ആശയ സ്രോതസ്സായ സലഫിസത്തെ പ്രതിരോധിക്കാന്‍ ദേശവ്യാപകമായ പ്രചാരണം നടത്തുമെന്നും എസ് എസ് എഫ് ദേശീയ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചരിത്രസ്മാരകങ്ങളും പുണ്യപുരുഷന്മാരുടെ മഖ്ബറകളും തകര്‍ത്തുകൊണ്ടാണ് ഐ എസ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. മാനവികതയുടെയും പാരസ്പര്യത്തിന്റെയും സ്വരങ്ങളെ ഇല്ലായ്മ ചെയ്യുന്ന ആശയഗതി സലഫിസത്തിന്റെതാണ്.

മുസ്‌ലിംകളുടെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളില്‍ നിന്ന് വ്യതിചലിച്ച് മതസന്ദേശങ്ങളെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി ദുര്‍വ്യാഖ്യാനം ചെയ്ത സലഫിസം ഉയര്‍ത്തിവിട്ട ആശയ ധാരയാണ് ഐ എസ് പിന്തുടരുന്നത്. ഈ പ്രത്യേക സാഹചര്യത്തില്‍ നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കി ലോകക്രമത്തെ അസ്ഥിരനാക്കുന്ന തീവ്രവാദ വര്‍ഗീയ നിലപാടുകളെ ചെറുത്തു തോല്‍പ്പിക്കാനും ഡല്‍ഹിയില്‍ നടന്ന ദ്വിദിന ദേശീയ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.

ഇസ്‌ലാം ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കുന്നത് സഹിഷ്ണുതയുടെയും സൗഹാര്‍ദത്തിന്റെയും സന്ദേശമാണെന്നും ഇസ്‌ലാമിക തീവ്രവാദമെന്ന ഒന്നില്ലെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. 

പ്രസംഗത്തിലൂടെയും എഴുത്തിലൂടയുമല്ല, സ്വന്തം ജീവിതത്തിലൂടെയാണ് ഇസ്‌ലാമിനെ ലോകത്തിന് പരിചയപ്പെടുത്തേണ്ടത്. ലോകത്ത് സൂഫി പണ്ഡിതര്‍ ഈ ദൗത്യമാണ് നിര്‍വഹിച്ചിരുന്നത്. മുഴുവന്‍ മതങ്ങളെയും സഹിഷ്ണുതയോടെ നോക്കിക്കാണാനാണ് വിശുദ്ധ ഖുര്‍ആന്‍ വിശ്വാസികളെ പഠിപ്പിക്കുന്നത്. ഐ എസ് ഉള്‍പ്പെടെ ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഭീകര സംഘടനകളും ഇസ്‌ലാമിന്റെ ചട്ടക്കൂടിന്റെ പരിധിക്ക് പുറത്താണ്. ഒരു വിശ്വാസിക്കും ഇത്തരം പ്രവര്‍ത്തനങ്ങളോട് യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ സെഷനുകളിലായി ഷൗകത്ത് നഈമി ബുഖാരി (കാശ്മീര്‍), നൗഷാദ് ആലം മിസ്ബാഹി (ഒറീസ), ഡോ. ശിഹാബുദ്ദീന്‍ റിസ്‌വി(ഉത്തര്‍പ്രദേശ്), സാലിഖ് അഹ്മദ് ലത്വീഫി (അസം), മുഈനുദ്ദീന്‍ (ത്രിപുര), സയ്യിദ് സാജിദ് അലി (ജമ്മുകാശ്മീര്‍), അബ്ദുര്‍സാഖ് സഖാഫി, എം അബ്ദുല്‍മജീദ് അരിയല്ലൂര്‍, അബ്ദുല്‍ കാലാം മാവൂര്‍, ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍ (കേരളം) സംസാരിച്ചു.

ആംബുലന്‍സ് അനുവദിച്ചില്ല; മകളുടെ മൃതദേഹവുമായി ആശുപത്രിക്ക് പുറത്ത് ഇമ്രാന കഴിഞ്ഞത് ഒരുരാത്രി

മീറത്ത്: ആശുപത്രിയില്‍ മരിച്ച രണ്ടരവയസ്സുകാരിയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ അധികൃതര്‍ ആംബുലന്‍സ് അനുവദിച്ചില്ല. ഉത്തര്‍പ്രദേശിലെ ഭാഗ്പത് ജില്ലയില്‍ ഗൗരിപൂര്‍ ഗ്രാമത്തിലെ ഇമ്രാനയാണ് ആംബുലന്‍സ് കിട്ടാത്തതിനാല്‍ രണ്ടരവയസ്സുള്ള മകള്‍ ഗുല്‍നാദിന്റെ മൃതദേഹം മടിയില്‍ വച്ച് ഒരുരാത്രി മുഴുവന്‍ ആശുപത്രിക്ക് പുറത്തിരിക്കേണ്ടിവന്നത്. ആംബുലന്‍സിനു വേണ്ടി മൃതദേഹവുമായി രണ്ട് ആശുപത്രികളെ സമീപിച്ചെങ്കിലും അധികൃതരും ഡ്രൈവര്‍മാരും ആംബുലന്‍സ് നല്‍കാന്‍ കൂട്ടാക്കിയില്ല.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈറല്‍ പനി ബാധിച്ച മകളുമായി ഇമ്രാന മീറത്തിലെ വി എല്‍ ശര്‍മ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്. അത്യാസന്നനിലയിലായ കുട്ടിയെ ഡോക്ടര്‍മാര്‍ ലാലാ ലജ്പത്‌റായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിടെ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ആശുപത്രി ആംബുലന്‍സിനു വേണ്ടി കേണപേക്ഷിച്ചെങ്കിലും മറ്റു ജില്ലകളിലേക്ക് ആംബുലന്‍സ് അയക്കുകയില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്.

200 രൂപ കൊടുത്ത് മൃതദേഹം ഒരു സ്വകാര്യ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് ഇമ്രാന അധികൃതരുടെ സഹായം തേടി. അവിടെയും നിരാശയായിരുന്നു ഫലം.
സ്വകാര്യ ആംബുലന്‍സുകാര്‍  2,500 രൂപയാണ് ആവശ്യപ്പെട്ടത്. അത്രയും തുക ഇമ്രാനയുടെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ന്ന് നേരം പുലരുവോളം മകളുടെ മൃതദേഹവും മടിയില്‍ വച്ച് ആശുപത്രിക്ക് പുറത്തിരിക്കേണ്ടിവന്നു. പിന്നീട് ചില ആളുകള്‍ പിരിവെടുത്ത് സ്വകാര്യ ആംബുലന്‍സ് തരപ്പെടുത്തിയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള സൗകര്യമുണ്ടാക്കിയത്. സംഭവം അന്വേഷിക്കുമെന്ന് മീറത്ത് ജില്ലാ മജിസ്‌ട്രേറ്റ് ജഗത് രാജ് ത്രിപാഠി പറഞ്ഞു.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കവര്‍ച്ച

കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ ടി ബി വാര്‍ഡ് കെട്ടിടത്തിന്റെ ചില്ല് തകര്‍ത്ത് കമ്പ്യൂട്ടര്‍ മോണിറ്റര്‍ മോഷ്ടിച്ചു. വാര്‍ഡിനകത്തുണ്ടായിരുന്ന ടി ബി ലാബിലെ ചില്ല് തകര്‍ത്താണ് അകത്തുണ്ടായിരുന്ന മോണിറ്റര്‍ കടത്തിക്കൊണ്ടുപോയത്. 

തിങ്കളാഴ്ച രാവിലെയാണ് മോഷണം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ലാബിനകത്ത് മോഷ്ടാവിന്റേതെന്ന് സംശയിക്കപ്പെടുന്ന പാന്റ് ഊരിവെച്ച നിലയില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ഏതെങ്കിലും മാനസികാസ്വാസ്ഥ്യമുള്ള ആളുടെ പരാക്രമമായിരിക്കുമോയെന്ന് സംശയമുയര്‍ന്നിരുന്നു. എന്നാല്‍ അങ്ങനെ സംശയിക്കാന്‍ മോഷ്ടാവ് സ്വീകരിച്ച തന്ത്രമാകാമിതെന്ന് വ്യക്തമായിട്ടുണ്ട്. സ്ത്രീകളുടെ വാര്‍ഡുകളില്‍ നിന്നും സ്വര്‍ണ്ണമാലകള്‍ അടക്കം മോഷ്ടിക്കുന്നതായി നേരത്തെ പരാതികളുണ്ടായിരുന്നു.

അനധികൃത സ്വത്ത് സമ്പാദനക്കേസ്: റെയ്ഡില്‍ പിടച്ചെടുത്ത രേഖകള്‍ കോടതിയില്‍ ഇന്ന് ഹാജരാക്കും

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിന്റെ വീടടക്കം ആറിടത്ത് വിജിലന്‍സ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. സ്വര്‍ണവും പണവുമടക്കമുള്ള രേഖകളടക്കമാണ് ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുക. കൂടാതെ പെണ്‍മക്കളുടെ പേരിലുള്ള ബാങ്ക് ലോക്കറുകള്‍ രണ്ടു ദിവസത്തിനകം തുറന്നു പരിശോധിക്കും.
അതേസമയം, ബാബുവിന്റെ ബിനാമികളാണെന്ന് വാര്‍ത്തകളില്‍ നിറഞ്ഞ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ബാബുറാമും റോയല്‍ ബേക്കേഴ്‌സ് ഉടമ മോഹനനും വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

മലപ്പുറത്ത് പിഞ്ചു കുഞ്ഞിനെ തെരുവ് നായ കടിച്ചു കീറി

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ പിഞ്ചു കുഞ്ഞിനെ കടിച്ചു കീറി. മലപ്പുറം കോഡൂര്‍ ചെമ്മങ്കടവില്‍ ശനിയാഴ്ച രാവിലെ ഒന്‍പതിനാണ് സംഭവം. വീടിനകത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പട്ടര്‍ക്കടവ് റിയാസിന്റെ മകള്‍ ഇഷയെയാണ് നായ കടിച്ചുകീറിയത്. ഒരുവയസ് മാത്രം പ്രായമുള്ള കുട്ടിയുടെ മുഖത്തും തലക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. 

നായ കുട്ടിയെ കടിച്ചു വലിച്ചുകൊണ്ടുപോകുന്നതുകണ്ട അമ്മ കസേരകൊണ്ട് നായയെ എറിഞ്ഞു ഓടിക്കുകയായിരുന്നു. തെരുവുനായകള്‍ പരിസരത്തു വിലസുന്നതുകണ്ടപ്പോള്‍ വാതിലടച്ചു ഭയന്നുകഴിയുകയായിരുന്നു വീട്ടുകാര്‍.

ഇതിനിടെ ഒന്‍പതോടെ വാതില്‍ തുറന്നപ്പോള്‍ വീണ്ടും തെരുവു നായ വീടിനകത്തുകയറി കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവ് നായശല്യം രൂക്ഷമാണ്. ഇതിനെതിരെ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.

ദമ്മാം സഅദിയ്യയില്‍ ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി

ദമ്മാം: ജാമിഅ സഅദിയ്യ അറബിയ ദമ്മാം കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ ഈ വര്‍ഷം ഹജ്ജിനു പോകുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്കുള്ള യാത്രയപ്പ് സംഗമം സീക്കോ സഅദിയ്യ മജ്‌ലിസില്‍ നടന്നു.

സംഗമത്തില്‍ സയ്യിദ് ശുകൂര്‍ അല്‍ ഹൈദറൂസി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. അഹ്മദ് സഅദി അല്‍ ഹസ്സ വിഷയാവതരണം നടത്തി. യൂസുഫ് സഅദി അയ്യങ്ങേരി, അഹ്മദ് ഹാജി ആലമ്പാടി, മുനീര്‍ അലംബാടി, സിദ്ദീഖ് സഖാഫി ഉറുമി, ഹംസ അമാനി തുടങ്ങിയവര്‍ സംബന്ധിച്ചു. ഹബീബ് സഖാഫി സ്വാഗതം പറഞ്ഞു. സഅദിയ ഹജ്ജ് ഗ്രൂപ്പ് മുഖേന ഈ വര്‍ഷം ഹജ്ജിനു പോകുന്ന മുഴുവന്‍ ഹാജിമാരും ഈ മാസം ഏഴിന് പുറപ്പെടും.

ഭാഷകളുടെ നാട്ടില്‍ മൂന്നാം പെരുന്നാള്‍ പ്രതീതി സമ്മാനിച്ച് എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് തുടക്കമായി

മഞ്ചേശ്വരം: സ്പതഭാഷകള്‍ സംഗമം തീര്‍ക്കുന്ന തുളുനാടന്‍ ഇശല്‍ മണ്ണിന് ധാര്‍മിക കലയുടെ പുതിയ ഈണവും താളവും പകര്‍ന്ന് ഇരുപത്തി മൂന്നാമത് എസ് എസ് എഫ്ജില്ലാ സാഹിത്യോത്സവിന് അല്‍ ബിശാറ ക്യാമ്പസില്‍ പ്രൗഢ ഗംഭീര തുടക്കം.
സ്വാഗതസംഘം ചെയര്‍മാന്‍ മൂസല്‍ മദനി തലക്കിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി മുഖ്യ പ്രഭാഷണം നടത്തി. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി പ്രസംഗിച്ചു. ഹൈസ്‌കൂള്‍ മദ്ഹ് ഗാനത്തോടെ ജില്ലാ സാഹിത്യോത്സവിലെ വേദികള്‍ ഉണര്‍ന്നു. 10 വേദികളിലായി അറുന്നൂറിലേറെ പ്രതിഭകളാണ് രണ്ട് ദിനങ്ങളിലായ് സാഹിത്യോത്സവ് വേദിയില്‍ മാറ്റുരക്കുന്നത്. മാപ്പിള കലകളുടെ പാരമ്പര്യ തനിമയും സാംസ്‌കാരിക സാമ്രാജ്യത്വത്തിനെതിരെ ധാര്‍മിക രോഷവും ജ്വലിക്കുന്ന നാക്കും തൂലികയുമായി കൊച്ചു പ്രതിഭകള്‍ സദസ്സിനെ കയ്യിലെടുത്തു. യൂണിറ്റ് സെക്ടര്‍ ഡിവിഷന്‍ മത്സരങ്ങളില്‍ മാറ്റുരച്ച പ്രതിഭകളാണ് ജില്ലാ മത്സരത്തിനെത്തിയത്. 

ഞായറാഴ്ച വൈകീട്ട് 3 മണിക്ക് സമാപന സംഗമവും സമ്മാന ദാനവും നടക്കും. സമാപന സമ്മേളനത്തില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ബാഹസന്‍ ആറ്റക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തും. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ വൈസ് പ്രസിഡന്റ് എം അലികുഞ്ഞി മുസ്ലിയാര്‍ ശിറിയ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍ അധ്യക്ഷത വഹിക്കും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജഅ്ഫര്‍ അനുമോദന പ്രഭാഷണം നടത്തും. സയ്യിദ് മുത്തുക്കോയ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് ബദ്‌റുദ്ദീന്‍ തങ്ങള്‍ ചിപ്പാര്‍, അശ്‌റഫ് സഅദി ആരിക്കാടി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അശ്‌റഫ് അശ്രഫി ആറങ്ങാടി, ഉമര്‍ സഖാഫി മുഹിമ്മാത്ത്, ഹസന്‍ കുഞ്ഞി മള്ഹര്‍ ട്രോഫി സമ്മാനിക്കും. ഇബ്രാഹിം ഹാജി കനില, അബ്ദുല്ല ഹാജി ബൊള്‍മാര്‍, സിദ്ധീഖ് പൂത്തപ്പലം, ഫാറൂഖ് കുബണൂര്‍, സലാം സഖാഫി പാടലടുക്ക, ശക്കീര്‍ പെട്ടിക്കുണ്ട് ചടങ്ങിന് ആശംസകള്‍ നേരും. എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബി സ്വാഗതവും അസീസ് സഖാഫി മച്ചംപാടി നന്ദിയും പറയും. 

സെപ്തംബര്‍ 17,18ന് നീലഗിരിയില്‍ നടക്കുന്ന സംസ്ഥാന സാഹിത്യോത്സവോടെ ഈ വര്‍ഷത്തെ സാഹിത്യോത്സവ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാകും.


മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ കൈക്കൂലി വാങ്ങിയ എക്‌സൈസ് ജീവനക്കാരന് സസ്‌പെന്‍ഷന്‍

മഞ്ചേശ്വരം: മഞ്ചേശ്വരം എക്‌സൈസ് ചെക്‌പോസ്റ്റില്‍ കാസര്‍കോട് വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ലോറി ഡ്രൈവറില്‍ നിന്നും കൈക്കൂലി വാങ്ങിയതിന് അറസ്റ്റ് ചെയ്ത മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ രഞ്ജിത്തിനെ സര്‍വ്വീസില്‍ നിന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തു.

പരിശോധന സമയത്ത് ചെക്‌പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു ജീവനക്കാരെ ജില്ലയിലെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റി പകരം ജീവനക്കാരെ എക്‌സൈസ് ചെക് പോസ്റ്റില്‍ നിയമിച്ചിട്ടുണ്ട്. കൈക്കൂലി വാങ്ങിയ ജീവനക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുന്നതാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അറിയിച്ചു.

എസ്.ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: ലോഡ്ജ് മുറിയില്‍ എഎസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളം സ്റ്റേഷനിലെ എഎസ്‌ഐയും ആലപ്പുഴ സ്വദേശിയുമായ സരസന്‍ (52) ആണ് മരിച്ചത്.

ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് പരിശീലനം തുടര്‍ന്നാല്‍ സി.പി.എം തടയും; കോടിയേരി

പത്തനംതിട്ട: ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് നടത്തുന്ന ആയുധ പരിശീലനം അവസാനിപ്പിച്ചില്ലെങ്കില്‍ സി.പി.എം രംഗത്തിറങ്ങുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ക്ഷേത്രങ്ങള്‍ വിശ്വാസികളുടേതാണെന്നും ആര്‍.എസ്.എസിന്റേതല്ലെന്നും നിര്‍ത്തിയില്ലെങ്കില്‍ റെഡ് വളണ്ടിയര്‍മാര്‍ തടയുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി വിട്ടുവന്നര്‍ക്കുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നിറവേറ്റുന്ന സര്‍ക്കാരാണ് എല്‍.ഡി.എഫിന്റേതെന്ന് അദ്ദേഹം യോഗത്തില്‍ പറഞ്ഞു. ആറന്മുള വിമാനത്താവള പദ്ധതിക്കുള്ള മുന്‍ സര്‍ക്കാരിന്റെ അനുമതി റദ്ദാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലൂടെ നിറവേറ്റി. വ്യവസായ മേഖല പ്രഖ്യാപനവും എടുത്തുകളയുമെന്ന തീരുമാനമാണ് സര്‍ക്കാരിന്റേത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആറന്മുള പദ്ധതി ഉപേക്ഷിക്കുമെന്ന വാഗ്ദാനത്തിലുടെ പത്തനംതിട്ടയില്‍ വോട്ടുതേടിയ ബി.ജെ.പി അധികാരത്തില്‍ എത്തിയപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ വിമാനത്താവള പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ക്ഷേമപെന്‍ഷന്‍ 600 രൂപയില്‍ നിന്നും ആയിരം രൂപയാക്കി വര്‍ധിപ്പിച്ചതും ഇടതു സര്‍ക്കാരാണ്.
സമൂഹത്തില്‍ അവശത അനുഭവിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഓണക്കിറ്റ് വിതരണത്തിനായി 13 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഒണക്കിറ്റിനോടൊപ്പം ഓണപ്പുടവയും വിതരണം ചെയ്യും. ഈമാസം ഒമ്പത്, പത്ത്, 11 തീയതികളിലായി ഇത് വിതരണം ചെയ്യും. മാലിന്യമുക്ത കേരളത്തിനായി എല്ലാ വീടുകളില്‍ ശുചിമുറികള്‍ നിര്‍മ്മിക്കാനായി 2,60,000 രൂപയാണ് ഗവണ്‍മെന്റ് അനുവദിച്ചിരിക്കുന്നത്. ഈ പരിപാടിയുടെ ഉദ്ഘാടനം നവംബര്‍ ഒന്നിന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും. ഭൂമിയും വീടുമില്ലാത്തവര്‍ക്ക് ഇവ രണ്ടും നല്‍കുന്നതിന് സര്‍ക്കാര്‍ പ്രമുഖ പരിഗണന നല്‍കുമെന്നും കോടിയേരി പറഞ്ഞു.

കണ്ണൂര്‍ തില്ലങ്കേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

കണ്ണൂര്‍: ഇരിട്ടി തില്ലങ്കേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. തില്ലങ്കേരി സ്വദേശി വീനീതാണ് കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഈ മേഖലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു.
ഇന്നലെ വൈകുന്നേരം തില്ലങ്കേരിയില്‍ സി.പി.എം പ്രവര്‍ത്തകനു നേരെ ബോംബെറിഞ്ഞിരുന്നു. ഇതില്‍ സി.പി.എം പ്രവര്‍ത്തകന്‍ ജിജോയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 
കൊലപാതകത്തില്‍ പ്രതിഷേധിച്ച് രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ ബിജെപി കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. പാല്‍ പത്രം കല്യാണം എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാന ഹജ്ജ് ക്യാംപിന് നാളെ സമാപനം

നെടുമ്പാശ്ശേരി: രണ്ടാഴ്ച നീണ്ടുനിന്ന സംസ്ഥാന ഹജ്ജ് ക്യാംപിന്റെ ആദ്യഘട്ടത്തിന് നാളെ സമാപനം കുറിക്കും. ഇന്നലെ വൈകിട്ട് 450 തീര്‍ഥാടകര്‍ കൂടി വിശുദ്ധഹറമിലെത്തിയതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ യാത്രതിരിക്കാനുള്ള തീര്‍ഥാടകരുടെ എണ്ണം ഇനി 836 പേര്‍ കൂടി മാത്രം. 
ഇന്ന് ഉച്ചയോടെ 450 തീര്‍ഥാടകരും നാളെ ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലെ തീര്‍ഥാടകര്‍ ഉള്‍പ്പെടെ 386 പേരും പുറപ്പെടും. സഊദി എയര്‍ലൈന്‍സിന്റെ വിമാനങ്ങളുടെ സമയത്തിലും വലിപ്പത്തിലും സാങ്കേതികകാരണങ്ങളാല്‍ മാറ്റം വന്നെങ്കിലും തീര്‍ഥാടകരുടെ യാത്ര തടസ്സപ്പെടാത്ത രീതിയില്‍ ക്രമീകരിക്കാന്‍ ഹജ്ജ് കമ്മിറ്റിക്ക് കഴിഞ്ഞു. ഇന്നലെ പ്രമുഖ വാഗ്മിയും മുന്‍ എം.പിയുമായ അബ്ദുസമദ് സമദാനി, ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ എന്നിവര്‍ തീര്‍ഥാടരെ യാത്രയാക്കുന്നതിനായി ഹജ്ജ് ക്യാംപില്‍ എത്തിയിരുന്നു. കേരളത്തിലെ തീര്‍ഥാടകര്‍ക്ക് പുറമേ ലക്ഷദ്വീപില്‍ നിന്ന് 287 ഉം മാഹിയില്‍ നിന്ന് 28 തീര്‍ഥാടകരുമാണ് സംസ്ഥാന ഹജ്ജ് ക്യാംപ് വഴി പുറപ്പെടുന്നത്. ഹജ്ജ് തീര്‍ഥാടകരുടെ മടങ്ങിവരവിന് തുടക്കം കുറിക്കുന്ന സെപ്റ്റംബര്‍ 29 ന് ഹജ്ജ് ക്യംപിന്റെ രണ്ടാം ഘട്ടം ആരംഭിക്കും. ഹാജിമാരുടെ മടങ്ങിവരവ് ഒക്ടോബര്‍ 14 നാണ് അവസാനിക്കുന്നത്.

ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു

ആലപ്പുഴ: കരുവാറ്റയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്നു യുവാക്കള്‍ മരിച്ചു. തകഴി കുന്നുമ്മേല്‍ സ്വദേശികളായ മുഹമ്മദ് സബിത്, അനസ്, സുജീര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം.
കൊല്ലം ഭാഗത്തു നിന്ന് ആലപ്പുഴയിലേക്ക് വരുകയായിരുന്ന ബൈക്കും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പുമാണ് കൂട്ടിയിടിച്ചത്.  അപകടത്തിനു കാരണം  അമിത വേഗതയാണെന്നാണ്  പൊലിസിന്റെ പ്രാഥമിക നിഗമനം. ബൈക്ക് യാത്രികരായ മൂന്ന് പേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.

Tuesday, 30 August 2016

സി.പി.എമ്മും സി.പി.ഐയും പ്രവര്‍ത്തിക്കുന്നത് ഐക്യത്തോടെയെന്ന് കോടിയേരി

തിരുവനന്തപുരം: ഐക്യത്തോടെയാണ് സി.പി.എമ്മും സി.പി.ഐയും പ്രവര്‍ത്തിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ഐക്യത്തോടെയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഐക്യത്തിന്റെ ഫലമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയമുണ്ടായത്. കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഈ സമയത്ത് ഭിന്നത മൂര്‍ച്ഛിക്കുന്നുവെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു. സിപിഐയും ഇടതു നേതാവും എംഎല്‍എയുമായ എം. സ്വരാജും തമ്മിലുള്ള തര്‍ക്കം മുറുകിയതിന് പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
സിപിഐ എമ്മും സിപിഐയും നല്ല ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഐക്യത്തിന്റെ ഫലമാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ ഉജ്വല വിജയം. കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ആ സമയത്ത് സിപിഐ എമ്മും സിപിഐയുമായി ഭിന്നത മുര്‍ഛിക്കുകയാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് എന്തിനാണെന്നത് മനസിലാക്കാന്‍ ആര്‍ക്കും സാധിക്കും. ആ ശ്രമം വിലപ്പോവില്ല.
ഇരു പാര്‍ടികള്‍ക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള സാഹചര്യം നിലവിലുണ്ട്. അത് പരസ്യമായി പറയേണ്ടതില്ല. അവസരവാദപരമായ നിലപാട് ഇടതുപക്ഷത്തിന്റെ വളര്‍ച്ചക്ക് ഗുണകരമല്ലെന്ന് 1964 കമ്യൂണിസ്റ്റ് പാര്‍ടിയുടെ പിളര്‍പ്പിനുശേഷം ഉണ്ടായ അനുഭവത്തിലൂടെ ബോധ്യമായതാണ്. അടിയന്തിരാവസ്ഥയെ പിന്തുണച്ച നിലപാട് ശരിയായില്ലെന്ന് തിരിച്ചറിഞ്ഞാണ് വിശാലയമായ ഇടതുപക്ഷ ഐക്യത്തിന് സിപിഐ തയ്യാറായത്. കൂടുതല്‍ ഐക്യത്തോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
അഖിലേന്ത്യാതലത്തിലോ, സംസ്ഥാന തലത്തിലോ രണ്ട് പാര്‍ടികളും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. പ്രാദേശികമായി ഉണ്ടാകുന്ന ചില സംഭവങ്ങളുടെ പേരില്‍ രണ്ട് പാര്‍ടികളും ഭിന്നതയിലാണെന്ന് വരുത്തി തീര്‍ക്കാനാണ്‌നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ശ്രമം. എന്നാല്‍, അതിന് നിന്നുതരാന്‍ സിപിഐ എം തയ്യാറല്ല. ഞങ്ങള്‍ കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കും.

തെങ്ങ് കടപുഴകി വീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു

കോഴിക്കോട്: കാരശ്ശേരിയില്‍ തെങ്ങ് കടപുഴകി വീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു. കൊടിയത്തൂര്‍ ചെറുവാടിയില്‍ പഴംപറമ്പ് ഇബ്രാഹിമിന്റെ മകന്‍ നാസര്‍ (42) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ കാരശേരി കക്കാട് ഗോശാലക്കലാണ് സംഭവം. ഗോശാലക്കല്‍ കുറ്റി പുറത്ത് അബ്ദുല്‍ ഹമീദിന്റെ വീട്ടില്‍ മതില്‍ കെട്ടുന്നതിനിടെ സമീപത്തെ പറമ്പിലെ തെങ്ങ് കടപുഴകി ദേഹത്ത് വീഴുകയായിരുന്നു. നാസര്‍ തല്‍ക്ഷണം മരിച്ചു.

Monday, 29 August 2016

വിഴിഞ്ഞം തുറമുഖത്തിന് പരിസ്ഥിതി അനുമതി: ഹരജി ഗ്രീന്‍ ട്രിബ്യൂണല്‍ ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖത്തിന് പരിസ്ഥിതി അനുമതി നല്‍കിയത് ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജി ദേശീയ ഹരിത ട്രിബ്യൂണല്‍ ഇന്ന് പരിഗണിക്കും. ഹരജിയിലെ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത് എന്നാണ് ഹരജിയിലേ വാദം. എന്നാല്‍, അന്തിമവിധി ഇന്ന് ഉണ്ടായേക്കില്ല. ജസ്റ്റിസ് സ്വതന്ത്ര കുമാര്‍ അധ്യക്ഷനായ അഞ്ചംഗ ബഞ്ചിലെ ഒരംഗം വിരമിച്ച സാഹചര്യത്തില്‍ വാദം വീണ്ടും കേള്‍ക്കണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും.
ഹരജിയില്‍ ആറാഴ്ചയക്കകം തീരുമാനമെടുക്കണമെന്ന് മാര്‍ച്ചില്‍ സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, വാദം നീണ്ടു പോയതും വേനലവധി വന്നതും വിധി നീളാന്‍ കാരണമായി.

കറുകുറ്റി അപകടം: ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് റെയില്‍വേ

പാലക്കാട്: കറുകുറ്റി അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് റെയില്‍വേ. പെര്‍മെനന്റ് വേ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. 
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റൂട്ടിലെ പാളത്തിലെ വിള്ളലാണ് അപകടത്തിന് കാരണമെന്ന് നേരത്തെ റെയില്‍വേ പറഞ്ഞിരുന്നു. എന്നാല്‍, ഈ വിള്ളലില്‍ കൃത്യമായ അറ്റകുറ്റപ്പണി നടക്കാത്തതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് റെയില്‍വേയുടെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിനാലാണ് പെര്‍മെനന്റ് വേ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍.
കറുകുറ്റി പാളത്തിലുണ്ടായ വിള്ളല്‍ വെല്‍ഡ് ചെയ്ത് അടക്കേണ്ടതിനു പകരം സ്‌ക്രൂ ചെയ്യുകയാണ് ചെയ്തത്. എന്നാല്‍, ചെറിയ വിള്ളലുകള്‍ക്ക് മാത്രമാണ് സാധാരണഗതിയില്‍ സ്‌ക്രൂ ചെയ്യുക. വലിയ വിള്ളലുകളുണ്ടായിരുന്ന ഇവിടെ സ്‌ക്രൂ ചെയ്യുകയാണ് ചെയ്തത്. ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴചയാണിത്. കൂടാതെ പാതയിലെ കോണ്‍ക്രീറ്റ് സ്ലീപ്പറുകള്‍ക്ക് വര്‍ഷങ്ങളുടെ കാലപ്പഴക്കമുണ്ട്. ഇത് മാറ്റുന്നതിലും ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതായി റെയില്‍വേയുടെ പ്രാഥമിക ആന്വേഷണത്തില്‍ കണ്ടെത്തി.
കറുകുറ്റിയില്‍ ട്രെയിന്‍ പാളം തെറ്റിയതില്‍ അട്ടിമറി സാധ്യത റെയില്‍വേ തള്ളിയിരുന്നു.

കൊല്ലത്ത് ആശുപത്രിയില്‍ നിന്നും ഇറങ്ങിയോടിയ യുവാവ് ലോറിയിടിച്ചു മരിച്ചു

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്നും ഇറങ്ങിയോടിയ ഡോക്ടര്‍ ദമ്പതികളുടെ മകന്‍ ലോറിയിടിച്ചു മരിച്ചു. കുണ്ടറ അമ്പിപൊയ്ക മറുതായത്ത് വീട്ടില്‍ ഡോ. എബ്രഹാം സ്‌കറിയ, ഡോ.ഷേര്‍ളി എബ്രഹാം ദമ്പതികളുടെ മകന്‍ അശ്വിന്‍ എബ്രഹാമാ(24)ണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു. ആശുപത്രിക്ക് സമീപത്തെ ദേശീയപാതയിലേക്ക് ഓടിക്കയറുമ്പോഴായിരുന്നു ലോറിയുടെ അടിയില്‍പ്പെട്ടത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പൊലിസ് പറഞ്ഞു.
സഹോദരന്‍ അജയ് ആദ്യം ഇറങ്ങി ഓടിയപ്പോള്‍ അശ്വിന്റെ കൈകാലുകള്‍ കെട്ടിയിരുന്നു. പിന്നീട് കെട്ടഴിച്ചപ്പോള്‍ വീണ്ടും ഇറങ്ങി ഓടിയപ്പോഴായിരുന്നു അപകടം. ലോറി ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുത്തു.

Saturday, 27 August 2016

ഹാമിദ്‌ അന്‍സാരി നാളെ കൊല്ലത്ത്

കൊല്ലം: എസ്.എന്‍ കോളജ് വളപ്പില്‍ സ്ഥാപിച്ച പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എസ്.എന്‍ കോളജ് മുന്‍ പ്രിന്‍സിപ്പലുമായിരുന്ന ഡോ.എം ശ്രീനിവാസന്റെ പ്രതിമ നാളെ വൈകിട്ട് നാലിന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി അനാച്ഛാദനം ചെയ്യും. എസ്.എന്‍ കോളജില്‍ പ്രത്യേകം സജ്ജീകരിച്ച ഓഡിറ്റോറിയത്തില്‍ വൈകിട്ട് നാലിനു നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം അധ്യക്ഷനാകുമെന്ന് പ്രതിമാ സ്ഥാപന കമ്മിറ്റി ചെയര്‍മാന്‍ എം.എ ബേബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി കെ. രാജു മുഖ്യപ്രഭാഷണം നടത്തും. എസ്.എന്‍ ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ട്രസ്റ്റിന്റെ ഉപഹാരവും എസ്.എന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.ബി മനോജ് കോളജിന്റെ ഉപഹാരവും ഉപരാഷ്ട്രപതിക്ക് നല്‍കും. മേയര്‍ അഡ്വ.വി. രാജേന്ദ്രബാബു, ലോക്‌സഭാംഗങ്ങളായ എന്‍.കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, രാജ്യസഭാംഗം കെ. സോമപ്രസാദ്, എം.എല്‍.എമാരായ എം. നൗഷാദ്, എം. മുകേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. എം.എ ബേബി സ്വാഗതവും പ്രതിമാ സ്ഥാപന കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ.എല്‍. വിനയകുമാര്‍ നന്ദിയും പറയും. 
അനാച്ഛാദന ചടങ്ങിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ.കെ ബേബിസണ്‍, പ്രതിമാ സ്ഥാപന കമ്മിറ്റി കണ്‍വീനര്‍ അഡ്വ. വെട്ടൂര്‍ ആര്‍. ജയപ്രകാശ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

നിലവിലുള്ള മദ്യനയം പ്രായോഗികമെന്ന് ഋഷിരാജ്‌സിങ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ള മദ്യനയം പ്രായോഗികമാണെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. ഒരു സ്വകാര്യ വെബ്‌സൈറ്റിന്റെ ലഹരിവിരുദ്ധ കാംപയിനിലാണ് ഋഷിരാജ് സിങ് തന്റെ നയം വ്യക്തമാക്കിയത്. ബാറുകളില്‍ നിന്ന് മദ്യം ലഭിക്കുന്നതിനേക്കാള്‍ നല്ലതാണ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്നുമാത്രം ലഭിക്കുന്ന അവസ്ഥ. സര്‍ക്കാരിന്റെ മദ്യനയം നടപ്പാക്കുക മാത്രമാണ് ഉദ്യോഗസ്ഥരുടെ കടമയെന്നും അദ്ദേഹം പറഞ്ഞു.
സിനിമ കണ്ടതു കൊണ്ടുമാത്രം കുട്ടികള്‍ മയക്കുമരുന്നിന് അടിമപ്പെട്ട് വഴിതെറ്റില്ലെന്നും പുസ്തകം വായിച്ചും മറ്റുള്ളവര്‍ ഉപയോഗിക്കുന്നതുകണ്ടും വഴിതെറ്റാമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച നിരവധി നിയമങ്ങള്‍ രാജ്യത്തുണ്ട്. ഇന്റര്‍നെറ്റിലൂടെയും മറ്റും സ്ത്രീകള്‍ ഇതേക്കുറിച്ച് ബോധവതികളാകണമെന്നും ഋഷിരാജ്‌സിങ് പറഞ്ഞു. ഡല്‍ഹിയിലെ നിര്‍ഭയ കേസിനുശേഷം നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. എന്തു തരത്തിലുള്ള ശല്യമുണ്ടായാലും സ്ത്രീകള്‍ക്ക് പൊലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

ഓണപ്പരീക്ഷ നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം പാദവാര്‍ഷിക പരീക്ഷകള്‍ തിങ്കളാഴ്ച ആരംഭിക്കും. പരീക്ഷയുടെ ഒരുക്കങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പൂര്‍ത്തിയാക്കി. ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ ചോദ്യപേപ്പര്‍ എസ്.എസ്.എയും ഒന്‍പത്, 10 ക്ലാസുകളിലെ ചോദ്യപേപ്പര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിയന്ത്രണത്തില്‍ തയാറാക്കി നേരിട്ടും സ്‌കൂളുകളില്‍ എത്തിച്ചു.
പ്ലസ്ടു രണ്ടാംവര്‍ഷ പരീക്ഷകള്‍ക്കുള്ള ചോദ്യം അതാത് സ്‌കൂളുകളാണ് തയാറാക്കിയിട്ടുള്ളത്. ദേശീയ പണിമുടക്ക് കാരണം സെപ്റ്റംബര്‍ രണ്ടിലെ പരീക്ഷ എട്ടിന് നടത്താനും തീരുമാനമായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിങ്കളാഴ്ചയും പ്രൈമറിയില്‍ ചൊവ്വാഴ്ചയും പരീക്ഷ ആരംഭിക്കും. അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിന് സ്‌കൂളുകള്‍ പ്രവൃത്തിദിനമാണെങ്കിലും പരീക്ഷ ഇല്ല. മുസ്‌ലിം കലണ്ടര്‍ പ്രകാരമുള്ള സ്‌കൂളുകളില്‍ ആദ്യ പാദവാര്‍ഷിക പരീക്ഷകള്‍ ഒക്ടോബര്‍ 15 മുതല്‍ 22 വരെയാണ്.

തെരുവ് നായകളെ കൊല്ലാന്‍ തീരുമാനിച്ചിട്ടില്ല; മലക്കം മറിഞ്ഞ് പിണറായി വിജയന്‍

തിരുവനന്തപുരം: തെരുവ് നായ്ക്കളെ ഒന്നൊടങ്കം കൊല്ലാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരുവ് നായ്കളെ കൊല്ലുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെയും ഉന്നത തല യോഗത്തിന്റെയും തീരുമാനത്തിന് വിരുദ്ധമായാണ് മുഖ്യമന്ത്രിയുടെ നിലപാട്. തെരുവ് നായകളെ കൊല്ലാനുള്ള തീരുമാനത്തിനെതിരെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ രംഗത്ത് വന്നതോടെയാണ് മുഖ്യമന്ത്രി മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞത്. തിരുവനന്തപുരത്ത് വൃദ്ധയെ തെരുവ് നായകള്‍ ജീവനോടെ കടിച്ച് കൊന്നതോടെയാണ് തെരുവ് നായശല്യത്തിനെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യമുയര്‍ന്നത്. പിഞ്ചുകുട്ടികളടക്കം നിരവധിപേരാണ് ദിവസേന തെരുവ് നായ്ക്കളുടെ ആക്രമണത്തിനരയായത്.

അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരത ; 15 കാരി ആശുപത്രിയില്‍ !!

കോഴിക്കോട് :അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് പതിനഞ്ചുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട് കാക്കവയലിലാണ് സംഭവം. പെണ്‍കുട്ടിയ്ക്ക് അടിവയറ്റിലേറ്റ മര്‍ദ്ദനത്തെ തുടര്‍ന്ന് കഠിനമായ വയറുവേദനയെയും ആന്തരിക രക്തസ്രാവവും  അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. പെണ്‍കുട്ടിയെ ആദ്യം ബത്തേരിയിലുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു. ഒന്‍പതുവര്‍ഷം മുന്‍പാണ് കുട്ടിയുടെ അമ്മ മരിച്ചത് . മറ്റു രണ്ടു സഹോദരിമാരും പെണ്‍കുട്ടിക്കുണ്ട്.

അമ്മ നോക്കി നില്‍ക്കെ കുഞ്ഞിനെ കടിച്ച് കീറി; തെരുവ് നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

പാലക്കാട്: അമ്മ നോക്കി നില്‍ക്കെ കുഞ്ഞിനെ തെരുവ് നായ ആക്രമിച്ചു. പാലക്കാട് കുത്താമ്പുള്ളിയിലാണ് കുട്ടിയെ കുളിപ്പിക്കുന്നതിനിടെ തെരുവ് നായ കടിച്ചത്. കുത്താമ്പുള്ളി ചാമുണ്ഡി നഗറിലാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത്‌ പാത്രത്തില്‍ കിടത്തി ആറ് മാസം പ്രായമുള്ള താര എന്ന കുട്ടിയെ അമ്മ കുളിപ്പിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു നായയുടെ ആക്രമണം.
പട്ടി ഓടിയെത്തി കുട്ടിയെ കടിച്ച് വലിക്കാന്‍ ശ്രമിക്കുകയായിരുന്നു. നായയുടെ കടിയേറ്റ്‌
കുഞ്ഞിന്റെ വയറില്‍ മുറിവേറ്റിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. കുത്താമ്പുള്ളിയില്‍ മൂന്ന് വയസുകാരന് നേരെയും പട്ടിയുടെ ആക്രമണമുണ്ടായി. അക്രമകാരിയായ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

ദേശീയ പണിമുടക്ക്: ഹജ്ജ് യാത്രക്കാരെ ഒഴിവാക്കണമെന്ന ആവശ്യം ശക്തം

കോഴിക്കോട്: അടുത്തമാസം രണ്ടാം തിയതി നടക്കുന്ന പൊതുപണിമുടക്കില്‍ നിന്നും ഹജ്ജ് യാത്രക്കാരെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഹജ്ജ് സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകളെ നിലവില്‍ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഹാജിമാര്‍ ഈ ബസ് സര്‍വിസ് വഴിയാണ് നെടുമ്പാശ്ശേരിയില്‍ എത്തുന്നത്. 
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നും ദിനേനെ നിരവധി സര്‍വിസുകളുണ്ട്. പൊതുപണിമുടക്ക് ദിനത്തില്‍ കെ.എസ്.ആര്‍.സിയുടെ ഈ സര്‍വിസുകള്‍ മുടങ്ങിയാല്‍ അന്ന് യാത്രചെയ്യാന്‍ ബുക്ക്‌ചെയ്തു കാത്തിരിക്കുന്നവരുടെ യാത്ര മുടങ്ങും. പണിമുടക്ക് ദിനത്തിലെ ബസ് സര്‍വിസുകളെ കുറിച്ച് അധികൃതര്‍ക്ക് ഇപ്പോള്‍ കൃത്യമായ വിവരമില്ല. പണിമുടക്ക് തടസമാവാത്ത വിധം ഹജ്ജ് സര്‍വിസ് ക്രമീകരിക്കാന്‍ ട്രേഡ് യൂനിയനും സര്‍ക്കാരും നിലവില്‍ ഒരു സംവിധാനവും ചെയ്തിട്ടില്ല. 
വിമാനം പുറപ്പെടുന്ന ദിവസം നേരത്തെ തീരുമാനിച്ചതിനാല്‍ മറ്റു ദിവസത്തേക്ക് യാത്ര മാറ്റി വയ്ക്കാന്‍ കഴിയില്ല. പ്രായമായവരും കുട്ടികളുമുള്ളതിനാല്‍ പലര്‍ക്കും നേരത്തെ നെടുമ്പാശ്ശേരിയില്‍ എത്താനും കഴിയില്ല. ഇതിനാല്‍ പണിമുടക്ക് ദിവസം സര്‍വിസ് നടത്തുക മാത്രമേ നിര്‍വാഹമുള്ളൂ

ഭക്ഷ്യവസ്തുക്കളില്‍ കീടനാശിനി; ജാഗ്രതാ നിര്‍ദേശവുമായി ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിപണിയില്‍ ലഭ്യമായിട്ടുള്ള പഴങ്ങളിലും പച്ചക്കറികളിലും മാരക കീടനാശിനികളുടെ അംശം ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍. ഇത്തരം സാധനങ്ങള്‍ വാളന്‍ പുളിവെള്ളത്തില്‍ അര മണിക്കൂര്‍ മുക്കിവച്ചശേഷം ശുദ്ധജലത്തില്‍ നല്ലവണ്ണം കഴുകി കോട്ടണ്‍ തുണി ഉപയോഗിച്ച് തുടച്ചശേഷം മാത്രമേ ഉപയോഗിക്കാവൂവെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. 
പാചകം ചെയ്യാന്‍ പാകത്തില്‍ (റെഡി ടു കുക്ക്) പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞും പ്ലാസ്റ്റിക് പാക്കറ്റുകളിലുമാക്കിയ പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്നത് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരം അനുവദനീയമല്ല. 
ഈ രീതിയില്‍ വ്യാപാരം നടത്തുന്നവര്‍ അടിയന്തരമായി ഇത്തരം സാധനങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കേണ്ടതാണെന്നും ഈ നിര്‍ദേശം ലംഘിച്ചാല്‍ പിഴ ഉള്‍പ്പെടെയുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ അറിയിച്ചു. 
സംസ്ഥാനത്ത് ഓണ വിപണി ലക്ഷ്യമാക്കി പായസം (പ്രഥമന്‍) പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ നിറച്ച് വില്‍പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 
പായസം, ചൂടാറുന്നതിനു മുമ്പ് പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ നിറച്ച് വിതരണം ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നിരിക്കേ ഇങ്ങനെ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഉള്‍പ്പെടെയുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ അറിയിച്ചു. 
ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ടോള്‍ഫ്രീ നമ്പറിലോ (18004251125) താഴെ പറയുന്ന ജില്ലാ ഫുഡ് സേഫ്റ്റി ഓഫിസര്‍മാരുടെ നമ്പരിലോ വിളിച്ചറിയിക്കണം. തിരുവനന്തപുരം – 8943346181, കൊല്ലം – 8943346182, പത്തനംതിട്ട – 8943346183, ആലപ്പുഴ – 8943346184, കോട്ടയം – 8943346185, ഇടുക്കി – 8943346186, എറണാകുളം – 8943346187, തൃശൂര്‍ – 8943346188, പാലക്കാട് – 8943346189, മലപ്പുറം – 8943346190, കോഴിക്കോട് – 8943346191, വയനാട് – 8943346192, കണ്ണൂര്‍ – 8943346193, കാസര്‍കോട് – 8943346194. ജില്ലകളിലെ അസിസ്റ്റന്റ് കമ്മിഷണര്‍ (ഇന്റലിജന്‍സ്) മാരുടെ ഫോണ്‍ നമ്പര്‍: തിരുവനന്തപുരം- 8943346195, എറണാകുളം- 8943346196, കോഴിക്കോട് -8943346197.

തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസ് പാളംതെറ്റി

തൃശ്ശൂര്‍:  തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസ് (16347) പാളംതെറ്റി. അങ്കമാലിക്കു സമീപം കറുകുറ്റിയില്‍ പുലര്‍ച്ചെ 2.30 നാണ് അപകടം. യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ല.
പന്ത്രണ്ട് കോച്ചുകളാണ് പാളംതെറ്റിയത്.
റെയില്‍പാളത്തിലുണ്ടായ വിള്ളലാണ് അപകടത്തിനു കാരണമായതെന്ന് സംശയിക്കുന്നു. യാത്രക്കാരെ ബസില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കു മാറ്റി.
റെയില്‍വേ ഹെല്‍പ്പ് ലൈന്‍ തിരുവനന്തപുരം: 0471-2320012, തൃശൂര്‍: 0471-2429241

കിളിമാനൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അടൂര്‍ സ്വദേശി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിനടുത്ത് മണലേറ്റുപച്ചയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അടൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ നായര്‍ (68) ആണ് മരിച്ചത്. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം.